കൊളംബൊ: മുരളീധരനും, മെന്‍ഡിസും സ്പിന്നിലൂടെ ശ്രീലങ്കന്‍ വീര്യം ലോക ക്രിക്കറ്റിനെ അറിയച്ചവരാണ്. അവരുടെ പാതയിലാണ് കെവിൻ കോത്തിഗോഡയെന്ന ലെഗ് സ്പിന്നർ. ‘യോഗ ചെയ്യുന്നതു പോലെ’ എന്ന കമന്‍റുമായി ഇയാളുടെ ആക്ഷന്‍ ട്വിറ്ററിൽ ട്രെന്‍റിങ്ങായി. മലേഷ്യയിൽ യൂത്ത് ഏഷ്യ കപ്പ് കളിക്കുന്ന ശ്രീലങ്കൻ അണ്ടർ 19 ടീമിൽ അംഗമാണ് കോത്തിഗോഡ. പയ്യൻസിനു ഭാവിയുണ്ടെന്നാണ് ലങ്കൻ ക്രിക്കറ്റിലെ മഹാരഥന്മാരുടെ അഭിപ്രായം.

ദക്ഷിണാഫ്രിക്കയുടെ പോൾ ആഡംസിലൂടെ വിശ്വവിഖ്യാതമായി മാറിയ ചൈനാമെൻ ബോളിങ് വിഭാഗത്തിലെ പുതിയ കണ്ണിയാണ് ശ്രീലങ്കയിൽനിന്നുള്ള ഈ യുവതാരം. ഏതാണ്ട് പോൾ ആഡംസിന്റേതിനു സമാനമാണ് കെവിന്‍റെ ബോളിങ് ആക്ഷൻ.
ചൈനമാൻ ബോളറായി അറിയപ്പെടുന്ന പോൾ ആഡംസ് ഇടംകയ്യൻ ബോളറായിരുന്നെങ്കിൽ കെവിൻ കോത്തിഗോഡ വലംകയ്യനാണെന്ന വ്യത്യാസം മാത്രം. വലങ്കയ്യൻ ബോളർമാർ ലെഗ്സ്പിൻ എറിയുന്നതിനു സമാനമായ പന്തുകൾ ഇടങ്കയ്യൻ സ്പിന്നർമാർ എറിയുന്നതാണു ചൈനമാൻ ബോളിങ്.
