ശ്രീലങ്കന്‍ ഓപ്പണര്‍ ധനുഷ്‌ക ഗുണതിലകയെ ആറ് മത്സരങ്ങളില്‍ നിന്ന് വിലക്കി

കൊളംബോയിലെ ഹോട്ടലില്‍ ഗുണതിലകയുടെ സാന്നിധ്യത്തില്‍ സുഹൃത്ത് നോര്‍വീജിയന്‍ ടൂറിസ്റ്റിനെ ബലാല്‍സംഗം ചെയ്തു എന്നായിരുന്നു ആരോപണം. ആരോപണത്തിന് പിന്നാലെ അന്വേഷണവിധേയമായി താരത്തെ നേരത്തെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് താരത്തെ സസ്‌പെന്‍ഡ് ചെയ്തു. നോര്‍വീജിയന്‍ വനിതയുടെ പരാതിയില്‍ ഗുണതിലകയുടെ സുഹൃത്ത് സന്ദീപ് ജൂഡ് സെല്ലയ്യയെ പൊലിസ് കസ്റ്റഡിയിലെടുത്തു. പിന്നാലെ ഗുണതിലകയെയും പൊലിസ് ചോദ്യം ചെയ്തിരുന്നെങ്കിലും തനിക്ക് സംഭവത്തെ കുറിച്ച് അറിവില്ല എന്നായിരുന്നു താരത്തിന്‍റെ മറുപടി.

ഇതോടെ താല്‍ക്കാലികമായി തടിയൂരാന്‍ താരത്തിനായെങ്കിലും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ പിടി വീഴുകയായിരുന്നു. സംഭവസമയം ടീം ക്യാമ്പില്‍ നിന്ന് താരം മുങ്ങിയതായി ബോര്‍ഡ് കണ്ടെത്തി. പെരുമാറ്റച്ചട്ട ലംഘനത്തിന് മുന്‍പും താരത്തിന് വിലക്ക് നേരിട്ടിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജൂലൈ 29ന് ആരംഭിക്കുന്ന അഞ്ച് ഏകദിനങ്ങളുടെ പരമ്പര ഗുണതിലകയ്ക്ക് നഷ്ടപ്പെടും. ഓഗസ്റ്റ് 14ന് നടക്കുന്ന ഏക ടി20യിലും കളിക്കാനാവില്ല.