കണ്ണൂര്‍:  സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് നാലുനാള്‍ മാത്രം ശേഷിക്കെ കണ്ണൂര്‍ സര്‍വ്വകലാശാല മാങ്ങാട്ടുപറമ്പ് ക്യാംപസില്‍  ഒരുക്കങ്ങള്‍ തകൃതി.  ത്രോ ഇനങ്ങള്‍ പ്രത്യേകം ക്രമീകരിച്ച് അപകടങ്ങളൊഴിവാക്കുന്നതിന് മുന്‍ഗണന നല്‍കിയാണ് ഒരുക്കങ്ങള്‍.

മത്സരങ്ങള്‍ക്കായി സിന്തറ്റിക് ട്രാക്ക് നേരത്തെ തയാറാണ്. പക്ഷെ സ്ഥലപരിമിതിയാണ് പ്രധാന ആശങ്ക. അതിനാല്‍ ട്രാക്കിലും ഫീല്‍ഡിലും നിയന്ത്രണങ്ങള്‍ കര്‍ശനമായിരിക്കും. പാലായിലുണ്ടായ ഹാമര്‍ ത്രോ അപകടം കൂടി കണക്കെലെടുത്തുള്ള ക്രമീകരണം മത്സരങ്ങള്‍ക്കു മേലുണ്ടാകും. പവലിയന് പുറമെ ഗാലറി നിര്‍മ്മാണം രണ്ട് ദിവസത്തിനകം പൂര്‍ത്തിയാകും. വാം അപ്പ് ട്രാക്കും തയാറാവുന്നു.

മഴ ഒരുക്കളെ താളം തെറ്റിക്കുമോയെന്ന ആശങ്കയുണ്ട്. ചട്ടപ്പടി സമരം തുടരുമെന്ന് പ്രഖ്യാപിച്ചുള്ള കായികാധ്യാപകരുടെ പ്രതിഷേധമാണ് മറ്റൊരു വെല്ലുവിളി. മുഖ്യമന്ത്രിയും കായികമന്ത്രിയും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമെല്ലാം പ്രതിനിധീകരിക്കുന്ന ജില്ലയില്‍ നടത്തിപ്പില്‍ വീഴ്ച്ചയുണ്ടാകരുതെന്ന കര്‍ശന നിര്‍ദേശം നിലനില്‍ക്കുന്നുണ്ട്.