ദില്ലി: ലോകത്ത് കൂടുതല്‍ ഫുട്ബോള്‍ ആരാധകരുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യയുടെ ഫുട്ബോള്‍ സ്നേഹം അണ്ടര്‍ 17 ലോകകപ്പിലും ഐഎസ്എല്ലിലും നാം കണ്ടതാണ്. എന്നാല്‍ സീനിയര്‍ ലോകകപ്പില്‍ പന്തുതട്ടുന്ന സുവര്‍ണദിനങ്ങളെന്ന സ്വപ്നം ഇന്ത്യയ്ക്ക് ഇപ്പോളും വിദൂരമായി തുടരുന്നു. സമീപകാലത്ത് മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന ഇന്ത്യ നിലവില്‍ ഫിഫ റാങ്കിംഗില്‍ 102-ാം സ്ഥാനത്താണ്.

എന്നാല്‍ ലോകകപ്പ് പോലൊരു വലിയ വേദിയില്‍ പന്തുതട്ടാന്‍ ഇന്ത്യയ്ക്കായി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരിക്കുകയാണ് ജംഷഡ്പൂര്‍ എഫ്‌സി പരിശീലകനായ സ്റ്റീവ് കോപ്പല്‍. ലോകകപ്പ് കളിക്കാന്‍ ഇന്ത്യ മാതൃകയാക്കേണ്ടത് ഐസ്ലാന്റിനെ പോലുള്ള കുഞ്ഞ് രാജ്യങ്ങളെയാണെന്ന് കോപ്പല്‍ പറഞ്ഞു. ലോകകപ്പിന് യോഗ്യത നേടിയ ചെറിയ രാജ്യമാണ് മൂന്നരലക്ഷം മാത്രം ജനസംഖ്യയുള്ള യൂറോപ്യന്‍ രാജ്യമായ ഐസ്ലാന്റ്.

ചെറുപ്രായം മുതല്‍ കളിക്കാരെ കണ്ടെത്തി പരിശീലനം നല്‍കാനുള്ള സാങ്കേതിക സൗകര്യങ്ങള്‍ രാജ്യത്ത് ഒരുക്കണമെന്ന് കോപ്പലാശാന്‍ പറയുന്നു. 2010ല്‍ ഫിഫ റാങ്കിംഗില്‍ 112-ാം സ്ഥാനത്തായിരുന്ന ഐസ്‌ലന്‍റ് വലിയ പരിശ്രമങ്ങള്‍ക്കൊടുവിലാണ് ലോകകപ്പിന് യോഗ്യത നേടിയത്‍. യൂറോപ്യന്‍ ഫുട്ബോള്‍ അസോസിയേഷനായ യൂവേഫയാണ് ഐസ്‌ലന്‍റ് ഫുട്ബോള്‍ പദ്ധതിയുടെ അണിയറക്കാര്‍.