കൊച്ചി: ബ്ലാസ്റ്റേര്‍സിന്‍റെ മുന്‍ പരിശീലകനും ജംഷഡ്പൂര്‍ എഫ്.സി കോച്ചുമായ സ്റ്റീവ് കോപ്പലിന് കൊച്ചിയോടുള്ള കലിപ്പ് അടങ്ങുന്നില്ല. സൂപ്പര്‍ കപ്പ് ടൂര്‍ണമെന്‍റ് കൊച്ചിയില്‍ നടക്കുന്നതിനെതിരെയാണ് കോപ്പലാശാനെ പ്രകോപിപ്പിച്ചത്. . കൊച്ചി വേദിയാകുമോ എന്ന കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും തന്‍റെ പ്രതിഷേധം നേരത്തെ അറിയിക്കുകയാണ് കോപ്പല്‍

ടൂര്‍ണമെന്റ് സമയത്ത് കൊച്ചിയില്‍ ചൂട് കാലാവസ്ഥയാണെന്നുള്ളതാണ് വേദിമാറ്റണമെന്നതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ഇത്തരം കാലാവസ്ഥയില്‍ കൊച്ചിയില്‍ കളിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് കൊച്ചിയെ നന്നായിഅറിയാവുന്ന കോപ്പലാശാന്‍ പറയുന്നു. ടൂര്‍ണമെന്‍റ് നടത്തിപ്പ് രീതിയെയും മുന്‍ ബ്ലാസ്റ്റേര്‍സ് കോച്ച് വിമര്‍ശിക്കുന്നു. 

ടൂര്‍ണമെന്റിന് രണ്ടാഴ്ച്ച മാത്രമാണ് ഇനി ശേഷിക്കുന്നത്. അതിനിടെ ലീഗിന്റെ ഘടന പോലും അറിയാന്‍ സാധിച്ചിട്ടില്ല. ഇതിനെ സൂപ്പര്‍ കപ്പെന്ന് വിളിക്കാനാകുമെന്ന് കോപ്പല്‍ ചോദിക്കുന്നു. എഎഫ്സി കപ്പിനു വേണ്ടിയുള്ള ടൂര്‍ണമെന്റാണെന്നാണ് താന്‍ തുടക്കത്തില്‍ കരുതിയിരുന്നതെന്നും കോപ്പല്‍ പറഞ്ഞു.സൂപ്പര്‍ കപ്പിന്റെ ഘടനയ്ക്കെതിരേ കഴിഞ്ഞദിവസം കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഡേവിഡ് ജെയിംസും രംഗത്തു വന്നിരുന്നു.