ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ശുഭ്മാന്‍ ഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 784 റേറ്റിംഗ് പോയന്‍റുമായാണ് ഗില്‍ ഒന്നാമത്. 

ദുബായ്: ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യയുടെ ശുഭ്മാന്‍ ഗില്‍. വെസ്റ്റ് ഇന്‍ഡീസ്-പാകിസ്ഥാന്‍, ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരകളാണ് പോയവാരം നടന്നത്. ഇതിലൊന്നും ഗില്ലിനെ മറികടക്കാനുള്ള പ്രകടനങ്ങളൊന്നുമുണ്ടായില്ല. 784 റേറ്റിംഗ് പോയന്‍റുമായാണ് ഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. 756 റേറ്റിംഗ് പോയന്‍റുമായി ഏകദിന ടീം നായകന്‍ രോഹിത് ശര്‍മയാണ് രണ്ടാം സ്ഥാനത്ത്. ബാബര്‍ അസം മൂന്നാം സ്ഥാനത്തുള്ള റാങ്കിംഗില്‍ വിരാട് കോലിയാണ് നാലാമത്. എട്ടാം സ്ഥാനത്തുള്ള ശ്രേയസ് അയ്യരാണ് ആദ്യപത്തിലുള്ള മറ്റൊരു ഇന്ത്യൻ താരം.

കെ എല്‍ രാഹുല്‍ പതിനഞ്ചാം സ്ഥാനത്തുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ ഓസ്ട്രേലിയന്‍ നായകന്‍ മിച്ചല്‍ മാര്‍ഷ് എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 48ാം സ്ഥാനത്തെത്തി. പാകിസ്ഥാനെിരായ പരമ്പര നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ഷായ് ഹോപ്പ് രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഒമ്പതാം സ്ഥാനത്തെത്തി.

Scroll to load tweet…

ബൗളിംഗ് റാങ്കിംഗില്‍ ദക്ഷിണാഫ്രിക്കയുടെ കേശവ് മഹാരാജ് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിലെ അഞ്ച് വിക്കറ്റ് പ്രകടനമാണ് മഹാരാജിന് ഒന്നാം സ്ഥാനം സമ്മാനിച്ചത്. രണ്ട് സ്ഥാനങ്ങള്‍ കയറിയ മഹാരാജ് ശ്രീലങ്കൻ സ്പിന്നര്‍ മഹീഷ തീക്ഷണയെ മറികടന്നാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക