2012ലെ ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ ഏറ്റുമുട്ടിയപ്പോഴായിരുന്നു കമന്ററി ബോക്സിലിരുന്ന് ഗവാസ്കറുടെ പ്രവചനം.

ദില്ലി: പാക്കിസ്ഥാന്‍ പൊതുതെരഞ്ഞെടുപ്പില്‍ ജയിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയായ തെഹ്‌രിക് ഇ ഇന്‍സാഫ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാന്‍ പാക് പ്രധാനമന്ത്രി പദത്തിലേക്ക് അടുക്കുമ്പോള്‍ ഇക്കാര്യം ആറുവര്‍ഷം മുമ്പ് കൃത്യമായി പ്രവചിച്ച ഒരു ഇന്ത്യക്കാരനുണ്ട്. ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്കര്‍. 2012ലെ ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ ഏറ്റുമുട്ടിയപ്പോഴായിരുന്നു കമന്ററി ബോക്സിലിരുന്ന് ഗവാസ്കറുടെ പ്രവചനം.

Scroll to load tweet…

റമീസ് രാജയായിരുന്നു ഗവാസ്കര്‍ക്കൊപ്പം കമന്ററി ബോക്സില്‍ അപ്പോഴുണ്ടായിരുന്നത്. റമീസ് രാജ, ഇമ്രാന്‍ ഖാനെ അനുകരിച്ച് സംസാരിച്ചപ്പോഴായിരുന്നു ഗവാസ്കറുടെ പ്രതികരണം. അധികം കളിയാക്കേണ്ട, ഭാവിയിലെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയെ ആണ് കളിയാക്കുന്നത് എന്നായിരുന്നു ഗവാസ്കറുടെ പ്രവചനം. പാക് പാഷന്‍ എഡിറ്ററായ സാജ് സാദിക് ഗവാസ്കറുടെ പ്രവചന വീഡിയോ ട്വീറ്റ് ചെയ്തതോടെ സോഷ്യല്‍ മീഡിയ അത് ഏറ്റെടുക്കുകയും ചെയ്തു.

പാക് പൊതുതെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്ന് ഉറപ്പിച്ച ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിക്ക് സ്വതന്ത്രരുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.