ദില്ലി: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫൈനല്‍ കാണാതെ പുറത്ത്. എലിമിനേറ്റര്‍ റൗണ്ടില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് റണ്‍സിന് തോറ്റതോടെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പുറത്തായത്. നൈറ്റ് റൈഡേഴ്‌സിനെ തോല്‍പ്പിച്ച സണ്‍റൈസേഴ്‌സ്, രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ലയണ്‍സിനെ നേരിടും. രണ്ടാം ക്വാളിഫയര്‍ മെയ് 27ന് ദില്ലിയില്‍ നടക്കും.
സണ്‍റൈസേഴ്സ് ഉയര്‍ത്തിയ 163 റണ്‍സിന്റെ വിജയലക്ഷ്യം തേടി ബാറ്റു ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 20 ഓവറില്‍ എട്ടിന് 140 റണ്‍സെടുക്കാനെ സാധിച്ചുള്ളു. മനീഷ് പാണ്ഡെ(36), ഗൗതം ഗംഭീര്‍(28), സൂര്യകുമാര്‍ യാദവ്(23) ഒഴികെയുള്ള ബാറ്റ്‌സ്‌മാന്‍മാര്‍ക്ക് കാര്യമായൊന്നും ചെയ്യാനായില്ല. സണ്‍റൈസേഴ്‌സിനുവേണ്ടി ഭുവനേശ്വര്‍ കുമാര്‍ മൂന്നും മോയിസ് ഹെന്‍റിക്വസ് രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റു ചെയ്‌ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്‌ടത്തില്‍ 162 റണ്‍സെടുക്കുകയായിരുന്നു. 30 പന്തില്‍ 44 റണ്‍സെടുത്ത യുവരാജ് സിങാണ് സണ്‍റൈസേഴ്‌സിന്റെ ടോപ് സ്‌കോറര്‍. ഡേവിഡ് വാര്‍ണര്‍ 28 റണ്‍സും മോയ്സ് ഹെന്‍റിക്വസ് 31 റണ്‍സും നേടി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടി കുല്‍ദീപ് യാദവ് മൂന്നു വിക്കറ്റും മോണെ മോര്‍ക്കല്‍, ജെസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും സ്വന്തമാക്കി.
