കെസിറോണ്‍ കിസിറ്റോ ബ്ലാസ്റ്റേഴ്സ് ക്യാമ്പില്‍ തിരിച്ചെത്തി

കൊച്ചി: ഐഎസ്എല്‍ നാലാം സീസണിലെ പരാജയത്തിന്‍റെ കണക്ക് സൂപ്പര്‍ കപ്പില്‍ തീര്‍ക്കാനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. അതിനാല്‍ ഏപ്രില്‍ ആദ്യവാരം ആരംഭിക്കുന്ന സൂപ്പര്‍ കപ്പിനുള്ള ഒരുക്കങ്ങള്‍ നേരത്തെ തന്നെ മഞ്ഞപ്പട തുടങ്ങിയിരുന്നു. സൂപ്പര്‍ കപ്പിനായി ബ്ലാസ്റ്റേഴ്സിന്‍റെ പരിശീലന ക്യാമ്പ് തുടങ്ങിയിട്ടുണ്ട്. ആരാധകര്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയാണ് കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പില്‍ നിന്ന് പുറത്തുവരുന്നത്.

ഐഎസ്എല്ലില്‍ ബൂട്ടുകെട്ടിയ ഉഗാണ്ടന്‍ സൂപ്പര്‍ താരം കെസിറോണ്‍ കിസിറ്റോ ബ്ലാസ്റ്റേഴ്സ് ക്യാമ്പില്‍ തിരിച്ചെത്തി എന്നതാണ് ആരാധകരെ സന്തോഷിപ്പിക്കുന്നത്. ലീഗിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ വേഗമാര്‍ന്ന നീക്കങ്ങളിലൂടെ കയ്യടി നേടിയ താരമാണ് കിസിറ്റോ. എന്നാല്‍ പരിക്കുമൂലം നാട്ടിലേക്ക് മടങ്ങിയ സൂപ്പര്‍ താരത്തിന് സീസണ്‍ അവസാനിക്കും മുമ്പ് ടീമില്‍ തിരിച്ചെത്താനായിരുന്നില്ല.

ഇതോടെ സൂപ്പര്‍ കപ്പിന് കെസിറോണ്‍ കിസിറ്റോ ഉണ്ടാവില്ല എന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കിസിറ്റോ ടീമിനൊപ്പം ചേര്‍ന്നതോടെ ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സിന്‍റെ മധ്യനിരയില്‍ പ്രകടമായ ഇഴച്ചിലും ആശങ്കയും പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രീ ക്വാര്‍ട്ടറില്‍ ഏപ്രില്‍ ആറിന് ഐ ലീഗിലെ രണ്ടാം സ്ഥാനക്കാരായ നെറോക്ക എഫ് സിയാണ് ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന്‍റെ എതിരാളികള്‍. 

Scroll to load tweet…