ചെന്നൈ: ഐപിഎല്ലില്‍ സുരേഷ് റെയ്നയെ നിലനിര്‍ത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാകും. മുഷ്താഖ് അലി ട്രോഫിക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലും മികച്ച ഫോം കാഴ്ച്ചവെച്ചു വെടിക്കെട്ട് ബാറ്റ്സ്‌മാന്‍. മൂന്നാം ടി20യില്‍ ഏഴ് റണ്‍സിന് വിജയിച്ച് പരമ്പര ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ സുരേഷ് റെയ്നയായിരുന്നു കളിയിലെ താരം. ഐപിഎല്‍ വരാനിരിക്കേ റെയ്നയുടെ മികച്ച ഫോം ചെന്നൈയ്ക്ക് കരുത്തുപകരും.

നീണ്ട ഇടവേളയ്ക്ക് ശേഷം ദേശീയ കുപ്പായത്തിലെത്തിയ റെയ്ന ആദ്യ ടി20യില്‍ ഏഴ് പന്തില്‍ 15 റണ്‍സ് മാത്രമെടുത്ത് നിരാശപ്പെടുത്തി. എന്നാല്‍ രണ്ടാം ടി20യില്‍ 24 പന്തില്‍ 30 റണ്‍സുമായി വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ പ്രതീക്ഷ നല്‍കി. മൂന്നാം മത്സരത്തില്‍ 27 പന്തില്‍ 43 റണ്‍സും മൂന്ന് ഓവറില്‍ 27 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി ഓള്‍റൗണ്ട് മികവ് കാട്ടി. ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായ പ്രകടനത്തിലൂടെ ഐപിഎല്ലില്‍ തന്‍റെ സീറ്റുറപ്പിക്കുകയാണ് റെയ്ന.