കേപ്ടൗണ്‍: ഏകദിന ലോകകപ്പിന് ഇനിയും ഒന്നരവര്‍ഷം കൂടി ബാക്കിയുണ്ട്. എന്നാല്‍ 2019ല്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പില്‍ ആരാകും ടൂര്‍ണമെന്റിന്റെ താരമാകുക എന്ന ചോദ്യത്തിന് സുരേഷ് റെയ്നയുടെ കൈയില്‍ ഇപ്പോഴെ ഉത്തരം റെഡിയാണ്. മറ്റാരുമല്ല, ഇന്ത്യന്‍ നായകന്‍ വിരാട് കോലി തന്നെ.
റണ്ണിനായുള്ള കോലിയുടെ ദാഹം അദ്ദേഹത്തിന്റെ കണ്ണുകളിലുണ്ട്. കോലിയുടെ ശാരീരികക്ഷമത അസാമാന്യമാണ്. ഓരോ പന്ത് നേരിടുമ്പോഴും സ്ട്രൈക്ക് കൈമാറുന്നതിനെക്കുറിച്ചാണ് അദ്ദേഹം ചിന്തിക്കുന്നത്. മോശം പന്തുകള്‍ ലഭിക്കുമ്പോള്‍ അത് അതിര്‍ത്തി കടത്താനും അദ്ദേഹം മറക്കില്ല. കോലിയാണ് ലോകത്തിലെ ഏറ്റവും മികച്ചവന്‍. അതിലൊരു സംശയവുമില്ല. ലോകകപ്പ് നേടണമെന്നത് കോലിയുടെ വാശിയാണ്. ഇംഗ്ലണ്ടില്‍ കോലിയെ വെല്ലാന്‍ ആരുമുണ്ടാവില്ല. കോലി തന്നെയാവും ലോകകപ്പിന്റെ താരം-റെയ്ന വ്യക്തമാക്കി.
ദീര്‍ഘനാളത്തെ ഇടവേളക്കുശേഷം റെയ്ന ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയിരുന്നു. ഏകദിന ടീമില്‍ നിന്ന് പുറത്തായ റെയ്ന മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ടൂര്‍ണമെന്റിലെ മിന്നുന്ന സെഞ്ചുറികളുടെ കരുത്തിലാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയത്.
