മുംബൈ: ഇന്ത്യന്‍ സ്‌പിന്നര്‍മാരെ കൈകാര്യം ചെയ്തതെങ്ങനെയെന്ന് വ്യക്തമാക്കി ന്യൂസിലന്‍റ് ബാറ്റ്സ്മാന്‍ റോസ് ടെയ്‌ലര്‍. 100 പന്തുകളില്‍ 95 റണ്‍സ് നേടിയ ടെ‌യ്‌ലര്‍ മൂന്നാം വിക്കറ്റില്‍ ലാഥാമുമായി ചേര്‍ന്ന് 200 റണ്‍സാണ് കുറിച്ചത്. ഇന്ത്യന്‍ സ്‌പിന്നര്‍മാരായ കുല്‍ദീപ് യാദവിനെയും യശ്വേന്ദ്ര ചഹലിനെയും സ്വീപ്പ് ഷോട്ടിലൂടെ ആക്രമിച്ചത് ബൗളര്‍മാര്‍ക്കുമേല്‍ സമ്മര്‍ദമുണ്ടാക്കിയെന്ന് ടെയ്‌‌ലര്‍ വെളിപ്പെടുത്തി‍. 

കുല്‍ദീപും ചഹലുമെറിഞ്ഞ 20 ഓവറില്‍ 125 റണ്‍സാണ് ന്യൂസിലന്‍റ് അടിച്ചുകൂട്ടിയത്. ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ന്യൂസിലന്‍റിന്‍റെ റണ്‍വേട്ട. സ്വീപ്പ് ഷോട്ടുകള്‍ ഇന്ത്യന്‍ സ്‌പിന്നര്‍മാരുടെ ലെഗ്തിലെ കൃത്യത തകര്‍ത്തെന്നാണ് ടെയ്‌ലറുടെ വിലയിരുത്തല്‍. ലാഥാം മികച്ച രീതിയില്‍ സ്‌പിന്നര്‍‍മാരെ നേരിട്ടെന്നും മുന്‍ ന്യൂസിലന്‍റ് നായകന്‍ പറഞ്ഞു. 

ഇടംകയ്യന്‍- വലംകയ്യന്‍ കോംബിനേഷന്‍ മികച്ച രീതിയില്‍ സ്‌ട്രൈക്ക് കൈമാറാന്‍ സഹായകമായെന്നും പറഞ്ഞു. ബോള്‍ട്ട് മികച്ച രീതിയില്‍ പന്തെറിഞ്ഞെന്നു പറഞ്ഞ ടെയ്‌ലര്‍ ഇന്ത്യ രണ്ടാം ഏകദിനത്തില്‍ ശക്തമായി തിരിച്ചുവരുമെന്നും അഭിപ്രായപ്പെട്ടു. മുംബൈയില്‍ ആദ്യ ഏകദിനത്തിനു ശേഷം നടന്ന മീറ്റ് ദ് പ്രസിലാണ് റോസ് ടെയ്‌ലര്‍ ന്യൂസിലന്‍റ് തന്ത്രം തുറന്നുപറഞ്ഞത്.