മെസ്സിയെ എനിക്ക് ശരിക്കും മിസ് ചെയ്യുന്നുണ്ട്. ഞാന്‍ മെസ്സിയെ ഇനി കാണുകയാമെങ്കില്‍ അദ്ദേഹത്തോട് സലാം, സുഖമല്ലെ എന്ന് ചോദിക്കും. അപ്പോള്‍ അദ്ദേഹം എന്നോട് നന്ദി പറയുകയും സുരക്ഷിതനായിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. പിന്നെ മെസ്സി കളിക്കുന്ന ഗ്രൗണ്ടിലേക്ക് അദ്ദേഹത്തിന്റെ കൈപിടിച്ച് കൂടെ നടക്കും-മുര്‍ത്താസ പറഞ്ഞു.

കാബൂൾ: ലിയോണല്‍ മെസ്സി സമ്മാനിച്ച ഫുട്ബോളും ജേഴ്സിയും അനാഥമാക്കി അഫ്ഗാന്റെ കുഞ്ഞു മെസ്സിയായി ആരാധക ഹൃദയം കവര്‍ന്ന മുര്‍ത്താസ അഹമ്മദിയെന്ന ബാലന്‍ നാടുവിട്ടു. താലിബാന്‍ ഭീഷണിയെത്തുടര്‍ന്നാണ് മുര്‍ത്താസയും കുടുംബവും പ്രദേശവാസികള്‍ക്കൊപ്പം ഗസ്നിലെ വീടുവിട്ടത്. കാബൂളിലെ പൊട്ടിപ്പൊളിഞ്ഞ ഒരു ഒറ്റമുറി വീട്ടില്‍ താലിബാനെ ഭയന്നുകഴിയുകയാണ് ഇപ്പോള്‍ മുര്‍ത്താസയുടെ കുടുംബമെന്ന് എഎഫ്‌പി റിപ്പോര്‍ട്ട് ചെയ്തു.

ജഗോരിയുടെ സമീപപ്രദേശങ്ങളില്‍ താലിബാന്‍ പ്രത്യാക്രമണം രൂക്ഷമാക്കിയ പശ്ചാത്തലത്തിലാണ് ഇവിടെ നിന്ന് ഗ്രാമവാസികള്‍ ഒഴിഞ്ഞുപോയത്. വെടിയൊച്ച കേട്ടതോടെ രാത്രി തന്നെ കൈയില്‍ കിട്ടിയ സാധനങ്ങളുമെടുത്ത് വീടുവിട്ടിറങ്ങുകയായിരുന്നുവെന്ന് മുര്‍ത്താസയുടെ മാതാവ് ഷഫീഖ പറഞ്ഞു. എന്നാല്‍ മുര്‍ത്താസക്ക് മെസ്സി സമ്മാനിച്ച ഫുട്ബോളും ജേഴ്സിയും ഇവര്‍ക്ക് കൂടെകൊണ്ടുപോകാനായില്ല. മുര്‍ത്താസക്കായി താലിബാന്‍ തെരച്ചില്‍ നടത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചിരുന്നുവെന്ന് ഷെഫീഖ പറഞ്ഞു.

മെസ്സി സ്നേഹത്തോടെ സമ്മാനിച്ച ജേഴ്സിയും ഫുട്ബോളും തനിക്ക് നഷ്ടമായെന്നും അവ എത്രയും വേഗം തിരികെ വേണമെന്നും മുര്‍ത്താസ പറഞ്ഞു. മെസ്സിയെ എനിക്ക് ശരിക്കും മിസ് ചെയ്യുന്നുണ്ട്. ഞാന്‍ മെസ്സിയെ ഇനി കാണുകയാമെങ്കില്‍ അദ്ദേഹത്തോട് സലാം, സുഖമല്ലെ എന്ന് ചോദിക്കും. അപ്പോള്‍ അദ്ദേഹം എന്നോട് നന്ദി പറയുകയും സുരക്ഷിതനായിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. പിന്നെ മെസ്സി കളിക്കുന്ന ഗ്രൗണ്ടിലേക്ക് അദ്ദേഹത്തിന്റെ കൈപിടിച്ച് കൂടെ നടക്കും-മുര്‍ത്താസ പറഞ്ഞു.

രണ്ടു വർഷം മുൻപ് 2016 ജനുവരിയില്‍ പ്ലാസ്റ്റിക് കവറിൽ ചായമെഴുതിക്കൂട്ടിയ അർജന്റീന ജഴ്സിയിൽ മെസ്സി എന്ന് കൈകൊണ്ട് പേരെഴുതിയ മുർത്താസയുടെ ചിത്രം ലോകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. സംഭവം കേട്ടറിഞ്ഞ മെസ്സി മുർത്താസയെയും കുടുംബത്തെയും കാബൂളിലേക്കു ക്ഷണിച്ചു. യുണിസെഫ് വഴി ഒരു പന്തും ജഴ്സിയും സമ്മാനമായി നൽകി. പിന്നീട് ഖത്തറിൽവെച്ച് മുർത്താസയെ മെസ്സി നേരില്‍ കണ്ടു. ഖത്തറില്‍ ബാഴ്സലോണയുടെ സൗഹൃദ മത്സരത്തിനായി മെസ്സിയുടെ കൈപിടിച്ച് ഭാഗ്യതാരമായി മുര്‍ത്താസയും ഗ്രൗണ്ടിലെത്തിയിരുന്നു.