ഇന്ത്യയ്ക്കെതിരായ രണ്ടാം ടി20 കളിക്കാനാണ് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീം കഴിഞ്ഞ ദിവസം രാത്രിയില്‍ രാജ്കോട്ടിലെത്തിയത്. ടീം രാജ്കോട്ടിലെ ഹോട്ടലിലെത്തി, കളിക്കാര്‍ ഓരോരുത്തരായി അവരവരുടെ മുറികളിലേക്ക് പോയി. ന്യൂസിലാന്‍ഡ് മുന്‍ നായകനും മുതിര്‍ന്ന താരവുമായ റോസ് ടെയ്‌ലര്‍ക്ക്, റൂംബോയി എത്തിച്ച സമ്മാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. വിഷാദത്തോടെയിരിക്കുന്ന ടെയ്‌ലറുടെ വരച്ച ചിത്രമാണ് സമ്മാനമായി ലഭിച്ചത്. ആരാണ് ഇത് അവിടെ എത്തിച്ചതെന്ന് ആര്‍ക്കും വ്യക്തമല്ല. വിഷാദത്തോടെയുള്ള തന്റെ ചിത്രം ടെയ്‌ലറെ ഞെട്ടിച്ചു. എന്ത് ഉദ്ദേശത്തിലാണ് ഇത്തരമൊരു ചിത്രം തനിക്ക് സമ്മാനമായി എത്തിച്ചതെന്ന് തലപുകയ്‌ക്കുകയാണ് ടെയ്‌ലര്‍. തനിക്ക് ലഭിച്ച സമ്മാന ചിത്രം റോസ് ടെയ്‌ലര്‍ തന്നെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റുചെയ്തു. ഇന്നു വൈകിട്ടാണ് ഇന്ത്യ-ന്യൂസിലാന്‍ഡ് ടി20 പരമ്പരയിലെ രണ്ടാമത്തെ മല്‍സരം രാജ്കോട്ടില്‍ നടക്കുന്നത്.