മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കാന്‍ രവി ശാസ്‌ത്രിയെ പ്രേരിപ്പിച്ചത് സച്ചിനെന്ന് സൂചന.ഇതോടെ ഗാംഗുലിയുടെ നിലപാട് നിര്‍ണായകമായി. ഗാംഗുലിക്ക് എതിര്‍പ്പില്ലെങ്കില്‍ ശാസ്‌ത്രിക്ക് കോച്ചാകാം എന്നാണ് വിലയിരുത്തല്‍. ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് ക്യൂ നില്‍ക്കാന്‍ തന്നെ കിട്ടില്ലെന്നായിരുന്നു വിരാട് കോലിയോട് രവി ശാസ്‌ത്രി ആദ്യം പറഞ്ഞത്. എന്നാല്‍ ലണ്ടനിലെത്തിയ സച്ചിന്‍ ശാസ്‌ത്രിയെ നേരില്‍ കണ്ട്, ബിസിസിഐക്ക് അപേക്ഷ നല്‍കാന്‍ നിര്‍ബന്ധിച്ചെന്നാണ് സൂചന.

കോലിയുടെ താത്പര്യം മനസ്സിലാക്കിയായിരുന്നു സച്ചിന്റെ ഇടപെടല്‍. പരിശീലകനെ കണ്ടെത്താന്‍ ബിസിസിഐ ചുമതലപ്പെടുത്തിയ ക്രിക്കറ്റ് ഉപദേശകസമിതിയില്‍ അംഗമാണ് സച്ചിന്‍. മറ്റൊരംഗമായ വി വിഎസ് ലക്ഷ്മണോടും ശാസ്‌ത്രിയെ പിന്തുണക്കുന്നതായി കോലി അറിയിച്ചുകഴിഞ്ഞു. എന്നാല്‍ ശാസ്‌ത്രിയെ എതിര്‍ക്കുന്ന സൗരവ് ഗാംഗുലിയോട് കോലി ഇക്കാര്യം പറഞ്ഞില്ല.

ശാസ്‌ത്രിയെ വെട്ടാനായി വിരേന്ദര്‍ സെവാഗിന്റെ പേര് ഗാംഗുലി മുന്നോട്ട് വച്ചേക്കും. ശാസ്‌ത്രി രംഗത്തെത്തും മുന്‍പ് കോലിയുടെ പിന്തുണ സെവാഗിനായിരുന്നു.ബിസിസിഐ ഇടക്കാല സെക്രട്ടറി അമിതാഭ് ചൗധരിയും സെവാഗിനൊപ്പമാണ്. ഇരുവിഭാഗങ്ങളും വിട്ടുവീഴ്ചയ്‌ക്ക് തയ്യാറായില്ലെങ്കില്‍, സമവായത്തിന്റെ ഭാഗമായി ടോം മൂ‍ഡി പരിശീലകനാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

കഴിഞ്ഞ തവണയും ശാസ്‌ത്രിയെ സച്ചിന്‍ പിന്തുണച്ചെങ്കിലും, കുംബ്ലെക്കായി വാദിച്ച ഗാംഗുലിയുടെ നിലപാട് ആയിരുന്നു വിജയിച്ചത്.