ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായ അനില്‍ കുംബ്ലെയും ക്യാപ്റ്റന്‍ വിരാട് കോലിയും തമ്മിലുള്ള തര്‍ക്കം തുടങ്ങിയത് ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയെന്ന് സൂചന. അതിനുമുമ്പ് തന്നെ കുംബ്ലെയുടെ കര്‍ക്കശ ശൈലിയോട് കോലിയ്ക്കും ടീം അംഗങ്ങള്‍ക്കും വിയോജിപ്പുണ്ടായിരുന്നെങ്കിലും അത് മറനീക്കി പുറത്തുവന്നത് ഓസീസ് പരമ്പരയ്ക്കിടെയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ടീമില്‍ അച്ചടക്കം വേണമെന്ന കാര്യത്തിലും പരിശീലനത്തിന് കൃത്യസമയത്ത് എത്തണമെന്ന കാര്യത്തിലും കുംബ്ലെ കര്‍ക്കശക്കാരനായിരുന്നു. ഇതിനോട് കോലിയടക്കമുള്ള പലര്‍ക്കും വിയോജിപ്പുണ്ടായിരുന്നു. അണ്ടര്‍-19 താരങ്ങളോടെന്ന പോലുള്ള സമീപനമാണ് കുംബ്ലെ തങ്ങളോട് പുലര്‍ത്തുന്നതെന്ന് പലരും രഹസ്യമായി പരാതിപ്പെടുകയും ചെയ്തു.

ഈ പ്രശ്നങ്ങള്‍ നിലനില്‍ക്കെയാണ് ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ കോലിയും കുംബ്ലെയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായത്. ഇടംകയ്യൻ സ്പിന്നർ കുൽദീപ് യാദവിനെ ടീമിലുൾപ്പെടുത്തുന്നതു സംബന്ധിച്ചാണ് ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായത്. റാഞ്ചിയിൽ നടന്ന മൂന്നാം ടെസ്റ്റിൽ കുൽദീപിനെ ഉൾപ്പെടുത്തണമെന്ന കുംബ്ലെയുടെ ആവശ്യം കോലി തള്ളി. കോലി പരുക്കേറ്റു പുറത്തിരുന്ന ധർമശാലയിലെ നാലാം ടെസ്റ്റിൽ കുംബ്ലെ ഇടപെട്ട് കുൽദീപിനെ കളത്തിലിറക്കി. കുൽദീപ് ടീമിലുള്ള വിവരം ഏറെ വൈകിയാണു കോലി അറിഞ്ഞതും. മൽസരത്തിൽ കുൽദീപ് തിളങ്ങിയെങ്കിലും തന്നെ അറിയിക്കാതെയുള്ള കുംബ്ലെയുടെ നീക്കം കോലിയെ ചൊടിപ്പിച്ചു.

കഴിഞ്ഞ വർഷം മുഖ്യ പരിശീലകനായി കുംബ്ലെ സ്ഥാനമേറ്റതിനു ശേഷം ടീം ഇന്ത്യ മികച്ച വിജയങ്ങൾ സ്വന്തമാക്കിയിരുന്നു. അതിനാൽ, 2019 ലോകകപ്പ് വരെ പരിശീലക സ്ഥാനത്ത് അദ്ദേഹം തുടരാൻ സാധ്യതയേറിയിരുന്നു. സുപ്രീംകോടതി നിയോഗിച്ച ഇടക്കാല ഭരണസമിതിയുമായി കുംബ്ലെയ്ക്കുള്ള അടുപ്പത്തിൽ അതൃപ്തിയുള്ള ബിസിസിഐയിലെ ഒരു വിഭാഗം കോലിയെ മുന്നിൽ നിർത്തി അദ്ദേഹത്തിനെതിരെ പടപൊരുതുകയാണെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്. ടീമിൽ നിർണായക സ്വാധീനമുള്ള കോലിയുടെ താൽപര്യങ്ങൾ വെട്ടി മുന്നോട്ടു നീങ്ങുക എളുപ്പമല്ലെന്നു പറയുന്ന ബിസിസിഐ നേതൃത്വം, കുംബ്ലെയെ നീക്കാനുള്ള കാരണമായി അത് ഉയർത്തിക്കാട്ടുന്നു.