കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയ്ക്കെതിരെ ഇന്ത്യയെ ജയിപ്പിച്ചത് ഹര്‍ദ്ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിങ് ആണെന്നാണ് ക്രിക്കറ്റ് വിദഗ്ദ്ധരും മാധ്യമങ്ങളും പറയുന്നത്. പാണ്ഡ്യയ്‌ക്ക് ലഭിച്ച മാന്‍ ഓഫ് ദ മാച്ച് പുരസ്‌ക്കാരം സാങ്കേതികമായി ആ വാദം ശരിവെയ്‌ക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇന്ത്യയെ ജയിപ്പിച്ചത് പാണ്ഡ്യ അല്ലെന്നാണ് ഒരുകൂട്ടം ക്രിക്കറ്റ് വിദഗ്ദ്ധര്‍ പറയുന്നത്. അവസാന ഓവറുകളില്‍ നന്നായി പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാരാണ് മല്‍സരം ഓസ്‌ട്രേലിയയില്‍നിന്ന് തട്ടിയെടുത്തതെന്നാണ് ഇവര്‍ പറയുന്നത്. മികച്ച തുടക്കം ലഭിച്ച ഓസ്‌ട്രേലിയയ്‌ക്ക് അവസാന ഓവറുകളില്‍ ആവശ്യത്തിന് റണ്‍സ് എടുക്കാനായിരുന്നെങ്കില്‍ 350ന് മുകളില്‍ സ്‌കോര്‍ നേടാമായിരുന്നു. എങ്കില്‍ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്‍മാര്‍ സമ്മര്‍ദ്ദത്തില്‍ ആകുമായിരുന്നു. അവസാന 10 ഓവറുകളില്‍ 59 റണ്‍സ് മാത്രമാണ് ഓസ്‌ട്രേലിയയ്‌ക്ക് നേടാനായത്. ജസ്‌പ്രിത് ബൂംറയും ഭുവനേശ്വര്‍കുമാറും വളരെ കൃത്യതയോടെയും അച്ചടക്കത്തോടെയുമാണ് അവസാന ഓവറുകളില്‍ പന്തെറിഞ്ഞത്. ചഹലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഈ സമയത്ത് സ്മിത്ത്, മാക്‌സ്‌വെല്‍ തുടങ്ങിയ പ്രമുഖരുടെ വിക്കറ്റുകള്‍ ഓസീസിന് നഷ്‌ടമാകുകയും ചെയ്തിരുന്നു. ഇതുതന്നെയാണ് മല്‍സരത്തില്‍ ഏറെ നിര്‍ണായകമായത്.