സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരെ അഞ്ചില്‍ നാല് മത്സരങ്ങള്‍ ജയിച്ച് ആറ് ഏകദിനങ്ങളുടെ പരമ്പര ഇതിനകം ഇന്ത്യ സ്വന്തമാക്കിക്കഴിഞ്ഞു. വെള്ളിയാഴ്ച്ച സെഞ്ചൂറിയനില്‍ നടക്കുന്ന പരമ്പരയിലെ ആറാം ഏകദിനം ഇന്ത്യയെ സംബന്ധിച്ച് അത്ര നിര്‍ണായകമല്ല. അതിനാല്‍ അവസാന മത്സരത്തില്‍ നിര്‍ണായക മാറ്റങ്ങളുമായാണ് ഇന്ത്യയിറങ്ങുക എന്ന് നായകന്‍ വിരാട് കോലി വ്യക്തമാക്കി.
ബഞ്ചിലിരിക്കുന്ന താരങ്ങള്‍ക്ക് മത്സരത്തില്‍ അവസരം നല്‍കും. അതേസമയം അടുത്ത മത്സരവും ജയിച്ച് പരമ്പര 5-1ന് സ്വന്തമാക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്. പരമ്പര വിജയത്തില്‍ സന്തോഷമുണ്ടെന്നും ക്രഡിറ്റ് ടീമംഗങ്ങള്‍ക്ക് എല്ലാവര്‍ക്കുമാണെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു. ഇതോടെ സെഞ്ചൂറിയന്‍ ഏകദിനത്തില്‍ മനീഷ് പാണ്ഡെ, ദിനേശ് കാര്‍ത്തിക്, മുഹമ്മദ് ഷമി, ഷര്‍ദുല്‍ താക്കൂര്‍ എന്നിവരില്‍ ചിലര്‍ക്ക് അവസരം ലഭിക്കുമെന്നുറപ്പായി.
