വെല്ലിങ്ടണ്‍: തിസാര ഒറ്റയാള്‍ പ്രകടനം പുറത്തെടുത്തെങ്കിലും ന്യൂസിലന്‍ഡിനെതിരെ രണ്ടാം ഏകദിനത്തിനും ശ്രീലങ്കയ്ക്ക് സാധിച്ചില്ല. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സ് നേടി. മറുപടി ബാറ്റിങില്‍ ലങ്ക തിസാരയുടെ വെടിക്കെട്ട് സെഞ്ചുറിയുടെ പിന്‍ബലത്തില്‍ (74 പന്തില്‍140) വിജയത്തിനടുത്ത് വരെയെത്തി. എന്നാല്‍ 46.2 ഓവറില്‍ 298 റണ്‍സിന് ലങ്കന്‍ താരങ്ങള്‍ ബാറ്റ് താഴത്തുകയായിരുന്നു. 21 റണ്‍സിനായിരുന്നു ലങ്കയുടെ തോല്‍വി. തിസാര തന്നെയാണ് മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ച്. 

ശ്രീലങ്കന്‍ ഇന്നിങ്‌സില്‍, തിസാരയ്ക്ക് പുറമെ ധനുഷ്‌ക ഗുണതിലകെ (71) മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. നിരോഷന്‍ ഡിക്‌വെല്ല (9), കുശാല്‍ പെരേര (4), കുശാല്‍ മെന്‍ഡിസ് (20), ദിനേഷ് ചാണ്ഡിമല്‍ (3), അസേല ഗുണരത്‌നെ (6), സീക്കുജെ പ്രസന്ന (0), ലസിത് മല്ലിംഗ (17), ലക്ഷന്‍ സന്ധാകന്‍ (6) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ സ്‌കോറുകള്‍. മൂന്ന് റണ്‍സുമായി നുവാന്‍ പ്രദീപ് പുറത്താവാതെ നിന്നു. കിവീസിന് വേണ്ടി ഇഷ് സോധി മൂന്ന് വിക്കറ്റ് വീഴ്ത്തി.

നേരത്തെ, റോസ് ടെയ്‌ലര്‍ (90), കോളിന്‍ മണ്‍റോ (87), ജയിംസ് നീഷാം (64) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ന്യൂസിലന്‍ഡിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. മാര്‍ട്ടിന്‍ ഗപ്റ്റില്‍ (13), കെയ്ന്‍ വില്യംസണ്‍ (1), ഹെന്റി നിക്കോളാസ് (32), ടിം സീഫെര്‍ട്ട് (22) എന്നിങ്ങനെയാണ് മറ്റുള്ള താരങ്ങളുടെ സ്‌കോറുകള്‍. മല്ലിംഗ രണ്ട് വിക്കറ്റ് വീഴ്ത്തി.