എന്നാല്‍ ഐപിഎല്‍ രണ്ടാം പകുതിയിലെത്തിയപ്പോള്‍ പിന്നിലുള്ളവരെല്ലാം സഞ്ജുവിന് മുന്നില്‍ കയറിപ്പോകുന്ന കാഴ്ചയാണ് കാണാനാവുന്നത്.
മുംബൈ: ഐപിഎല്ലില് ഇത്തവണ യുവതാരപോരാട്ടമാണ്. ഇന്ത്യയുടെ ഭാവിതാരങ്ങള് അടിച്ചുതകര്ത്ത് മുന്നേറുമ്പോള് സ്വദേശി-വിദേശി ഭേദമില്ലാതെ ലേലത്തില് പവര്ഹിറ്റര്മാരായവരെല്ലാം കാറ്റൂരിവിട്ട ബലൂണ്പോലെയാണിപ്പോള്. ബാറ്റിംഗില് കീറോണ് പൊള്ളാര്ഡ്, ഗ്ലെന് മാക്സ്വെല്, ക്രിസ് ലിന്, കോളിന് മണ്റോ, ഡാര്സി ഷോട്ട്, ബെന് സ്റ്റോക്സ് അങ്ങനെ അടിക്കാതെപോയ ലോട്ടറികള് നിരവധിയുണ്ട് ഇത്തവണ ഐപിഎല്ലില്.
അവിടെയാണ് ഇന്ത്യന് യുവതാരനിര ബംപറടിച്ച് മുന്നേറുന്നത്. പത്തൊമ്പതുകാരന് ഇഷാന് കിഷന് മുതല് നമ്മുടെ സ്വന്തം സഞ്ജു സാംസണ് വരെയുണ്ട് ഈ യുവതാരപോരില്. വിരാട് കോലിയെ സാക്ഷിനിര്ത്തി അടിച്ചെടുത്ത തകര്പ്പന് അര്ധസെഞ്ചുറിയിലൂടെ സഞ്ജുവാണ് ഈ പോരിന് ആദ്യം തിരികൊളുത്തിയത്. ഒപ്പം ഓറഞ്ച് ക്യാപ്പും തലയിലെത്തിച്ച സഞ്ജു ഐപിഎല്ലിന്റെ ആദ്യ പകുതിയില് ആരാധകരുടെയും സെലക്ടര്മാരുടെയും ശ്രദ്ധയിലെത്തുകയും ചെയ്തു.

കൊല്ക്കത്തക്കെതിരെ മുംബൈക്കായി ഇഷാന് കിഷന് അടിച്ചെടുത്ത വെടിക്കെട്ട് അര്ധസെഞ്ചുറിയും സണ്റൈസേഴ്സിനെതിരെ ഡല്ഹിക്കായി റിഷഭ് പന്ത് നേടിയ തട്ടുതകര്പ്പന് സെഞ്ചുറിയുമെല്ലാം യുവതാരപോരില് സഞ്ജുവിനെ പിന്നിലാക്കിയെന്നാണ് വിലയിരുത്തല്. 11 കളികളില് 521 റണ്സടിച്ച ഓറഞ്ച് ക്യാപ് തലയിലെത്തിച്ച റിഷഭ് പന്ത് പുറത്തെടുത്ത പ്രഹരശേഷി (179.65)വിദേശതാരങ്ങളെപ്പോലും അമ്പരപ്പിക്കുന്നതാണ്.
11 കളികളില് 238 റണ്സടിച്ചിട്ടുള്ള ഇഷാന് കിഷനും(160.81), ആറ് കളികളില് 214 റണ്സടിച്ച പൃഥ്വി ഷായും(163.35)പ്രഹരശേഷിയില് സഞ്ജുവിനെ(141.27)പിന്നിലാക്കിയിട്ടുണ്ട്. ടീമിന്റെ വിജയ-പരാജയങ്ങള് നിര്ണയിക്കുന്നതില് ഇത് എത്രമാത്രം നിര്ണായകമാണെന്ന് കൊല്ക്കത്ത-മുംബൈ പോരാട്ടം നോക്കിയാല് മതിയാവും. മെല്ലെ തുടങ്ങിയ മുംബൈ ഇഷാന് കിഷന്റെ വെടിക്കെട്ടിലൂടെയാണ് ടോപ് ഗിയറിലായത്. പിന്നീട് തിരിഞ്ഞുനോക്കാതെ തകര്ത്തടിച്ച മുംബൈ കൊല്ക്കത്തയെ തകര്ത്തത് കിഷന്റെ ഇന്നിംഗ്സിന്റെ ബലത്തിലായിരുന്നു. മുംബൈയുടെ പരിചയസമ്പന്നനായ നായകന് രോഹിത് ശര്മ പോലും 31 പന്തില് 36 റണ്സ് മാത്രമെടുത്തപ്പോഴായിരുന്നു കിഷന്റെ കണ്ണഞ്ചിക്കുന്ന പ്രകടനം.
സണ്റൈസേഴ്വിനെതിരെ റിഷഭ് പന്ത് പുറത്തെടുത്ത പ്രകടനത്തിനും സമാനതകളില്ല. ഈ ഐപിഎല്ലിലെ ഏറ്റവും മികച്ച ബൗളിംഗ് ടീമാണ് സണ്റൈസേഴ്സ്. 120ല് താഴെയുള്ള സ്കോറുകള് പോലും അവര് ഫലപ്രദമായി പ്രതിരോധിച്ചിട്ടുമുണ്ട്. ഡെത്ത് ഓവറുകളില് ടീം ഇന്ത്യയുടെയും സണ്റൈസേഴ്സിന്റെയും ഒന്നാം നമ്പര് ബൗളര് ഭുവനേശ്വര്കുമാറാണ്. ഡെത്ത് ഓവറുകളില് കൃത്യതയോടെ പന്തെറിയുന്ന ഭുവി ബംഗലൂരുവിന് ജയിക്കാന് അവസാന ഓവറില് 12 റണ്സ് മാത്രം മതിയെന്നഘട്ടത്തില്പ്പോലും അത് വിട്ടുകൊടുത്തില്ല. ആ ഭുവിക്കെതിരെയാണ് റിഷഭ് പന്ത് അവസാന ഓവറില് മൂന്ന് സിക്സറുകള് അടക്കം 28 റണ്സടിച്ചത്. ടീം പരാജയപ്പെട്ടെങ്കില്പോലും എക്കാലവും ആരാധക മനസില് തങ്ങിനില്ക്കുന്ന പ്രകടനമായിരുന്നു അത്.
അത്തരത്തില് ഒരേയൊരു പ്രകടനം മാത്രമാണ് സഞ്ജുവില് നിന്ന് ഇതുവരെ ആരാധകര്ക്ക് കാണാനായത്. ആദ്യഘട്ടത്തില് റോയല് ചലഞ്ചേഴ്സ് ബംഗലൂരുവിനെതിരെ.
എന്നാല് രണ്ടാം പകുതിയിലെത്തുമ്പോള് ടീമെന്ന നിലയില് ഇപ്പോഴും തപ്പിത്തടുന്ന രാജസ്ഥാനെ ഒറ്റക്ക് ചുമലിലേറ്റാന് സഞ്ജുവിന് ഇതുവരെയായിട്ടില്ല. അപ്പോഴും രാജസ്ഥാന്റെ ടോപ് സ്കോറര് സഞ്ജുവാണെന്ന കാര്യം വിസ്മരിക്കാനുമാവില്ല.
റണ്വേട്ടയില് ആദ്യ പത്തിലുള്ള ഒരേയൊരു രാജസ്ഥാന് താരവും സഞ്ജു മാത്രമാണ്. രാജസ്ഥാന് ഇത്രയെങ്കിലും മുന്നേറിയതിനും സഞ്ജുവിനോട് കടപ്പെട്ടിരിക്കുന്നു. നിര്ണായക പോരാട്ടത്തില് ഇന്ന് ചെന്നൈയെ നേരിടാനിറങ്ങുമ്പോള് ഇഷാന് കിഷനോ റിഷഭ് പന്തോ കളിച്ചതുപ്പോലൊരു വെടിക്കെട്ട് ഇന്നിംഗ്സാണ് സഞ്ജുവില് നിന്ന് ആരാധകര് പ്രതീക്ഷിക്കുന്നത്. ആ പ്രകടനം രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷകള് കെടാതെ കാക്കുമെന്ന് മാത്രമല്ല യുവതാരപോരില് മറ്റ് താരങ്ങള്ക്കൊപ്പമെത്താനും സഞ്ജുവിനാകും. അതുകൊണ്ട് കമോണ്ട്രാ സഞ്ജു....
