കൊല്‍ക്കത്ത: ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ ഒഴിവാക്കി ഓസീസ് നായകന്‍ സ്റ്റീവ് സ്‌മിത്തിന്‍റെ ഡ്രീം ടീം. അതേസമയം രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഓസീസ് നായകന്‍റെ എക്കാലത്തേയും സ്വ‌പ്ന ടീമില്‍ ഇടംപിടിച്ചു. ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുള്‍ക്കറും ഓസീസിന് ഏക്കാലവും ഭീഷണിയായിരുന്ന സ്‌പി‌ന്നര്‍ ഹര്‍ഭജന്‍ സിംഗുമാണ് ടീമിലെത്തിയത്. 

കൊല്‍ക്കത്തയില്‍ ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനു മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് സ്‌മിത്ത് ടീമിനെ പ്രഖ്യാപിച്ചത്. കോലി മികച്ച താരവും നായകനുമാണെന്ന് പറ‍ഞ്ഞ സ്മിത്ത് അദ്ദേഹവുമായി വ്യക്തിപരമായ പ്രശ്നങ്ങളില്ലെന്നും വ്യക്തമാക്കി. കളിക്കാര്‍ തമ്മിലുള്ള വാക്പോരിനെ ഇഷ്ടപ്പെടുന്നില്ലെന്നും ഓസീസ് നായകന്‍ പറഞ്ഞു. 

ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര ജയിക്കുക എന്നതാണ് തന്‍റെ സ്വപ്‌നമെന്ന് സ്റ്റീവ് സ്മിത്ത് പറഞ്ഞു. ഇന്ത്യന്‍ പിച്ചുകളില്‍ കളിക്കുക പ്രയാസകരമാണെന്ന് സ്മിത്ത് തുറന്നു സമ്മതിച്ചു. മുന്‍ ഓസ്‌ട്രേലിയന്‍ താരങ്ങളായ ഡൊണാള്‍ഡ് ബ്രാഡ്‌മാന്‍, അലന്‍ ബോര്‍ഡര്‍, ഷെയ്ന്‍ വോണ്‍, മൈക്ക് ഹസി, മിച്ചല്‍ ജോണ്‍സണ്‍ എന്നിവര്‍ സ്മിത്തിന്‍റെ ഡ്രീം ടീമിലുണ്ട്.