ക്വീന്‍സ്‌ടൗണ്‍: ബംഗ്ലാദേശിനെ 131 റണ്‍സിന് കീഴടക്കി ഇന്ത്യ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന്റെ സെമിഫൈനലിലെത്തി. പാക്കിസ്ഥാനാണ് സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യ ഉയര്‍ത്തിയ 266 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന്റെ പോരാട്ടം 42.1 ഓവറില്‍ 134 റണ്‍സില്‍ അവസാനിച്ചു. സ്കോര്‍ ഇന്ത്യ 49.2 ഓവറില്‍ 265ന് ഓള്‍ ഔട്ട്, ബംഗ്ലാദേശ് 42.1 ഓവറില്‍ 134ന് ഓള്‍ ഔട്ട്.

7.1 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ കമലേഷ് നാഗര്‍കോട്ടിയാണ് ബംഗ്ലാദേശിനെ എറിഞ്ഞിട്ടത്. ശിവം മാവി, അഭിഷേക് ശര്‍മ എന്നിവര്‍ ഇന്ത്യക്കായി രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 86 റണ്ണെടുത്ത ഷുബ്മാന്‍ ഗില്ലിന്റെ ബാറ്റിംഗ് മികവിലാണ് 265 റണ്‍സ് നേടിയത്.

അഭിഷേക് ശര്‍മ്മ 50 ഉം ക്യാപ്റ്റന്‍ പൃഥ്വി ഷാ 40 ഉം റണ്ണെടുത്ത് ഗില്ലിന് പിന്തുണ നല്‍കി. ഹര്‍വിക് ദേശായി 34 റണ്‍സെടുത്തു.ബംഗ്ലാദേശിനായി ഖാസി ഒനിക് മൂന്ന് വിക്കറ്റെടുത്തു. ദക്ഷിണാഫ്രിക്കയെ മൂന്നു വിക്കറ്റിന് തോല്‍പ്പിച്ചാണ് പാക്കിസ്ഥാന്‍ സെമിയില്‍ പ്രവേശിച്ചത്. അഫ്ഗാനിസ്ഥാനും ഓസ്ട്രേലിയയും തമ്മിലാണ് രണ്ടാം സെമി ഫൈനല്‍.