മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗില്‍ റയൽ-പിഎസ്ജി സൂപ്പർ പോരാട്ടത്തിൽ സ്‌പാനിഷ് കരുത്തര്‍ക്ക് തകര്‍പ്പന്‍ ജയം. പാരിസ് സെയ്ന്‍റ് ജർമ്മനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് തോൽപിച്ചത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു റയലിന്‍റെ തിരിച്ചുവരവ്. സ്പാനിഷ് ലീഗിൽ കിരീടമോഹം ഏറക്കുറെ കൈവിട്ട സിനദിൻ സിദാനും സംഘത്തിനും വലിയ ആശ്വാസമാണ് സാന്‍റിയാഗോ ബർണബ്യൂവിലെ ജയം. 

ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഇരട്ടഗോൾ കരുത്തിലാണ് സ്പാനിഷ് വമ്പൻമാർ ജയം ഉറപ്പിച്ചത്. മാര്‍സലോ റയലിന്‍റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കിയപ്പോള്‍ റാബിയറ്റാണ് പിഎസ്ജിയുടെ ഗോള്‍ മടക്കിയത്. നെയ്മർ റയലിലേക്ക് എത്തുമെന്ന് അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് പിഎസ്ജിയും റയലും കൊമ്പുകോർത്തത്. മറ്റൊരു മത്സരത്തിൽ ശക്തരായ ലിവർപൂൾ എഫ് സി പോർട്ടോയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്തു.

സാഡിയോ മാനോയുടെ ഹാട്രിക്കാണ് ഇംഗ്ലീഷ് ക്ലബ്ബിന് ആധിപത്യം നൽകിയത്. ആദ്യ പകുതിയിൽ മൊഹമ്മ സലെയും 69-ാം മിനിറ്റിൽ റോബർട്ടോ ഫിർമിനോയും കൂടി ഗോൾവല ചലിപ്പിച്ചതോടെ പോർച്ചുഗീസ് ക്ലബ്ബിന്‍റെ പതനം പൂർണ്ണമായി.