കൊച്ചി: അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ് വേദിയായ കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ ഫിഫ സുരക്ഷ ശക്തമാക്കി. സ്റ്റേഡിയത്തിന് ചുറ്റും താത്കാലിക വേലി കെട്ടി. സുരക്ഷ പരിശോധനയുടെ ഭാഗമായി മോക്ഡ്രില്‍ സംഘടിപ്പിച്ചു. ലോകകപ്പ് വേദിയുടെ സുരക്ഷയില്‍ വിട്ടുവീഴ്ചക്കില്ലെന്ന കര്‍ക്കശ നിലപാടിലാണ് ഫിഫ. നെഹ്റു സ്റ്റേഡിയത്തിലെ കടകള്‍ ഒഴിപ്പിക്കുന്നതില്‍ സംഘാടകര്‍ സ്വീകരിച്ച മെല്ലെപ്പോക്കില്‍ ഫിഫ കടുത്ത അമര്‍ഷം പ്രകടിപ്പിച്ചിരുന്നു. പ്രശ്നങ്ങള്‍ പരിഹരിച്ച് സ്റ്റേഡിയം കൈമാറിയതിന് പിന്നാലെയാണ് അന്താരാഷ്‌ട്ര നിലവാരത്തിലുള്ള സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കി തുടങ്ങിയത്.
സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാന്‍ മുന്നിലും പിന്നിലും ഓരോ വഴികള്‍ മതിയെന്നാണ് ഫിഫയുടെ നിലപാട്. മറ്റ് വഴികളെല്ലാം താത്കാലിക വേലി കെട്ടി അടച്ചു. മത്സരം കാണാന്‍ സ്റ്റേഡിയത്തില്‍ എത്തുന്ന കാണികളെ ഈ രണ്ട് ഗേറ്റുകളിലും വച്ച് വിശദമായി പരിശോധിച്ച ശേഷം മാത്രം കയറ്റി വിടും. സുരക്ഷ ഉദ്യോഗസ്ഥരുടെ ദേഹപരിശോധനയടക്കം പൂര്‍ത്തിയാക്കി മാത്രമേ സ്റ്റേഡിയത്തിന് അകത്തേക്ക് പ്രവേശിക്കാനാകൂ. ഐഎസ്എല്‍ മത്സരങ്ങള്‍ക്ക് ടിക്കറ്റ് കിട്ടാത്തവര്‍ സ്റ്റേഡിയത്തില്‍ മുന്നില്‍ തടിച്ച് കൂടി ആവേശം പങ്കുവയ്‌ക്കാറുണ്ട്. എന്നാല്‍ ലോകകപ്പ് വേദിയ്‌ക്ക് മുന്നില്‍ ഇത്തരം പ്രകടനങ്ങളൊന്നും അനുവദിക്കില്ല.
സ്റ്റേഡിയത്തിന് പുറത്ത് മാത്രമല്ല അകത്തും കര്‍ശന സുരക്ഷയുണ്ടാകും. സുരക്ഷ ക്രമീകരണങ്ങളുടെ മോക്ഡ്രില്ലും ഫിഫ അധികൃതരുടെ മേല്‍നോട്ടത്തില്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെയും അഗ്നിശമന സേനയുടെയും നേതൃത്വത്തിലായിരുന്നു മോക്ഡ്രില്‍.
