കൊച്ചി: അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളിന്റെ ഒരുക്കങ്ങളില്‍ അതൃപ്തി അറിയിച്ച് ഫിഫാ സംഘം. കൊച്ചിയിലെ സ്റ്റേഡിയങ്ങളില്‍ പരിശോധന നടത്തിയ സംഘം മിക്ക നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാകാനുണ്ടെന്ന് വിലയിരുത്തി. മെയ് 15നകം ഇവ പൂര്‍ത്തിയാക്കണമെന്ന് അന്ത്യ ശാസനവും നല്‍കി.
ഈ വര്‍ഷം സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളിലായി നടക്കുന്ന അണ്ടര്‍ 17 ലോകകപ്പിന് കലൂര്‍ രാജ്യന്തര സ്റ്റേഡിയവും, നാല് പരിശീലന മൈതാനങ്ങളുമാണ് തയ്യാറാകേണ്ടത്. ഫിഫയുടെ ടൂര്‍ണമെന്റ് തലവന്‍ ജെയ്മേ യാര്‍സയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശോധനയില്‍ മിക്ക നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായിട്ടില്ലെന്ന് വ്യക്തമായി.
ഫിഫയുടെ മാനദണ്ഡമനുസരിച്ചുള്ള ഒരു സംവിധാനവും തയ്യാറായിട്ടില്ല. കാലതാമസത്തിന് കാരണം വ്യക്തമാകുന്നില്ല. കൂടുതല്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവണമെന്നും ഫിഫ സംഘം നിര്‍ദ്ദേശിച്ചു. ഫിഫ നിര്‍ദ്ദേശിച്ച മെയ് 15നകം സ്റ്റേഡിയങ്ങള്‍ പൂര്‍ണ സജ്ജമാക്കുമെന്ന് കായികമന്ത്രി എസി മൊയ്തീന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
മിക്കവയുടെയും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചെങ്കിലും, ഫിഫ സംഘം അതൃപ്തി മറച്ചു വച്ചില്ല കലൂര്‍ സ്റ്റേഡിയത്തിന് ചുറ്റുമുള്ള വ്യാപാരസ്ഥാപനങ്ങള്‍ മത്സരങ്ങള്‍ തുടങ്ങുന്നതിന് 10 ദിവസം മുന്‍പേ അടച്ചു പൂട്ടണമെന്നും നിര്‍ദേശമുണ്ട്.
