മുംബൈ: ഇന്ത്യയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 400 റണ്‍സിന് പുറത്തായി. രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ ഒന്നിന് 146 എന്ന ശക്തമായ നിലയിലാണ്. മുരളി വിജയ് 70 റണ്‍സോടെയും ചേതേശ്വര്‍ പൂജാര 47 റണ്‍സോടെയുമാണ് ക്രീസിലുണ്ട്. 24 റണ്‍സെടുത്ത കെ എല്‍ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യയ്‌ക്ക് നഷ്‌ടമായത്. മുരളി വിജയ്‌യും പൂജാരയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ ഇതുവരെ 107 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

നേരത്തെ ആറു വിക്കറ്റ് നേടിയ ആര്‍ അശ്വിനും നാലു വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് ഇംഗ്ലണ്ട് സ്‌കോര്‍ 400ല്‍ ഒതുക്കിയത്. അഞ്ചിന് 288 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിങ് തുടര്‍ന്ന ഇംഗ്ലണ്ടിന് ഇന്ന് 112 റണ്‍സ് കൂടി കൂട്ടച്ചേര്‍ത്തപ്പോള്‍ ശേഷിച്ച വിക്കറ്റുകള്‍ നഷ്‌ടമാകുകയായിരുന്നു. 76 റണ്‍സെടുത്ത ജോസ് ബട്ട്‌ലറാണ് ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 400ല്‍ എത്തിച്ചത്. 137 പന്തില്‍നിന്നാണ് ബട്ട‌ലര്‍ 76 റണ്‍സെടുത്തത്.

കഴിഞ്ഞ ദിവസം അരങ്ങേറ്റക്കാരന്‍ കീറ്റണ്‍ ജെന്നിങ്സിന്റെ സെഞ്ച്വറിയാണ് ഇംഗ്ലണ്ട് ഇന്നിംഗ്സിന് മികച്ച തുടക്കം നല്‍കിയത്. എന്നാല്‍ ചായയ്‌ക്ക് ശേഷം ആര്‍ അശ്വിന്‍ ആഞ്ഞടിച്ചതോടെ ഇംഗ്ലണ്ട് അഞ്ചിന് 288 എന്ന നിലയിലേക്ക് എത്തുകയായിരുന്നു. ഇംഗ്ലണ്ടിനെ പെട്ടെന്ന് പുറത്താക്കാമെന്ന പ്രതീക്ഷയുമായി രണ്ടാംദിവസം കളി തുടങ്ങിയ ഇന്ത്യക്കാര്‍ക്ക് അല്‍പ്പം വെല്ലുവിളി ഉയര്‍ത്തിയത് ജോസ് ബട്ട്‌ലറായിരുന്നു.

അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലാണ്. ഈ മല്‍സരം ജയിക്കുകയോ സമനിലയാകുകയോ ചെയ്താല്‍ ഇന്ത്യയ്‌ക്ക് പരമ്പര സ്വന്തമാക്കാം...