നദൂന്‍: വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് സമനില. കേരളമുയര്‍ത്തിയ 236 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗാള്‍ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി അവസാന ഓവറിലെ അവസാന പന്തില്‍ ഒപ്പമെത്തി. ബംഗാളിനെ നായകന്‍ മനോജ് തിവാരിയുടെ ഇന്നിംഗ്സാണ് പരാജയത്തില്‍ നിന്ന് രക്ഷിച്ചത്. പുറത്താകാതെ 73 റണ്‍സെടുത്ത തിവാരിയാണ് കളിയിലെ താരം. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കേരളം ആറുവിക്കറ്റിന് 235 റണ്‍സെടുത്തു. കേരളത്തിനായി ഓപ്പണര്‍മാരായ വിഷ്ണു വിനോദും ജലജ് സക്‌സേനയും ഭേദപ്പെട്ട തുടക്കം നല്‍കി. സക്‌സേനയുടെ(100) സെഞ്ചുറിയാണ് കേരളത്തെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. സഞ്ജു സാംസണ്‍ 34 റണ്‍സും വിഷ്ണു 25 റണ്‍സെടുത്തും മുഹമ്മദ് അസ്ഹറുദ്ധീന്‍ 28 റണ്‍സുമായും പുറത്തായി. ബംഗാളിന് വേണ്ടി സയന്‍ ഘോഷും മനോജ് തിവാരിയും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണതോടെ ബംഗാള്‍ പ്രതിരോധത്തിലായി. തിവാരി(73), ചാറ്റര്‍ജി(35), ഗോസ്വാമി(26) എന്നിങ്ങനെയാണ് ബംഗാള്‍ താരങ്ങളുടെ ഉയര്‍ന്ന സ്കോര്‍. അവസാന പന്തില്‍ രണ്ടു റണ്‍സ് വിജയിക്കാന്‍ വേണ്ടിയിരുന്ന ബംഗാളിന്‍റെ പോരാട്ടം സമനിലയില്‍ അവസാനിക്കുകയായിരുന്നു. കേരളത്തിനായി സന്ദീപ് വാര്യരും കെ.സി അക്ഷയും അഭിഷേക് മോഹനും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.