രണ്ടാം മത്സരത്തില്‍ കളിയിലെ താരമായി വിജയ് ശങ്കര്‍

കൊളംബോ: നിദാഹാസ് ട്രോഫിയില്‍ അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍. അരങ്ങേറി രണ്ടാം മത്സരത്തില്‍ തന്നെ മാന്‍ ഓഫ് ദ് മാച്ചായി വിജയ് തെരഞ്ഞെടുക്കപ്പെട്ടു. നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങി ബംഗ്ലാദേശിന്‍റെ രണ്ട് വിക്കറ്റുകളാണ് വിജയ് ശങ്കര്‍ വീഴ്ത്തിയത്. പേസ് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയ്ക്ക് പകരമാണ് വിജയ്ക്ക് ഇന്ത്യ അവസരം നല്‍കിയത്. 

വിജയ് ശങ്കര്‍, ജയ്‌ദേവ് ഉനദ്കട്ട് എന്നിവരുള്‍പ്പെടുന്ന ഇന്ത്യന്‍ ബൗളിംഗ് നിരയുടെ മികവാണ് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാ കടുവകളെ 139ല്‍ ഒതുക്കിയത്. മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന് വിജയിച്ചിരുന്നു. ശ്രീലങ്കയ്ക്കെതിരായ ആദ്യ ടി20യില്‍ രണ്ട് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി ശങ്കര്‍ മികവ് കാട്ടിയിരുന്നു. നിദാഹാസ് ട്രോഫിയിലെ പ്രകടനത്തോടെ വിജയ് ശങ്കര്‍ ടീം മാനേജ്മെന്‍റിന്‍റെ വിശ്വാസം കാത്തിരിക്കുകയാണ്.