ദില്ലി: ത്യാഗരാജ സ്റ്റേഡിയത്തിൽ ഇടിമഴ പെയ്യിച്ച് ഇന്ത്യയുടെ പുലിക്കുട്ടി വിജേന്ദർ സിങ് ജയിച്ചുകയറി. ലോക ബോക്സിങ് അസോസിയേഷന്റെ സൂപ്പർ മിഡിൽ വെയിറ്റ് (76 കി.ഗ്രാം) ചാംപ്യൻഷിപ്പിന്റെ കിരീട പോരാട്ടത്തില്‍ ടാൻസനിയയുടെ ഫ്രാൻസിസ് ചേക്കയെയാണ് വിജേന്ദര്‍ നോക്കൗട്ട് പഞ്ചിലൂടെ ഇടിച്ചിട്ടത്. മൂന്നു മിനിറ്റ് വീതം നീളുന്ന പത്തു റൗണ്ടുകളിലായി നടന്ന മത്സരത്തില്‍ മൂന്നാം റൗണ്ടിലാണ് വിജേന്ദര്‍ നോക്കൗട്ട് ജയം കുറിച്ചത്. വിജയത്തോടെ ലോക ബോക്സിങ് അസോസിയേഷന്റെ സൂപ്പർ മിഡിൽ വെയിറ്റ് (76 കി.ഗ്രാം) ചാംപ്യൻഷിപ്പ് കിരീടം വിജേന്ദര്‍ നിലനിര്‍ത്തി.പ്രഫഷനല്‍ കരിയറിലെ വിജേന്ദറിന്റെ തുടര്‍ച്ചയായ എട്ടാം ജയവും ഏഴാം നോക്കൗട്ട് ജയവുമാണിത്.

റിങ്ങിലെ ദാവീദ്-ഗോലിയാത്ത് മത്സരമായി വിശേഷിപ്പിക്കപ്പെട്ട പോരാട്ടത്തില്‍ ഏകപക്ഷീയമായിരുന്നു വിജേന്ദറിന്റെ വിജയം. പ്രഫഷനൽ കരിയറിൽ പതിനേഴുവർഷത്തെ അനുഭവസമ്പത്തുള്ള താരമായ ഫ്രാൻസിസ് ചേക്ക മുൻ ലോകചാംപ്യനും നിലവിലെ കോണ്ടിനെന്റൽ കിരീട ജേതാവുമാണ്.അമച്വർ രംഗത്ത് ഒളിംപിക് മെഡലിന്റെ തിളക്കമുണ്ടെങ്കിലും പ്രഫഷനൽ റിങ്ങിൽ വിജേന്ദർ തുടക്കക്കാരനാണ്. എടുത്തുകാണിക്കാനുള്ളത് ഒന്നരവർഷത്തെ പരിചയവും ഏഴു മത്സരങ്ങളും മാത്രമായിരുന്നു. എന്നാല്‍ റിംഗില്‍ ഇതിനെയെല്ലാം അപ്രസ്കതമാക്കുന്ന പോരാട്ടമാണ് വിജേന്ദര്‍ പുറത്തെടുത്തത്.

കഴിഞ്ഞ ജൂലൈയിൽ ഇതേ വേദിയിൽ ഓസ്ട്രേലിയക്കാരനായ കെറി ഹോപ്പിനെ പത്തു റൗണ്ട് പോരാട്ടത്തിൽ ഇടിച്ചൊതുക്കിയാണ് വിജേന്ദര്‍ ലോക ബോക്സിങ് അസോസിയേഷന്റെ സൂപ്പർ മിഡിൽ വെയിറ്റ് (76 കി.ഗ്രാം) ചാംപ്യൻഷിപ്പിന്റെ കിരീടം നേടിയത്. ബോക്സിങ് അസോസിയേഷന്റെ നിബന്ധനപ്രകാരം ആറുമാസത്തിനകം മറ്റൊരു മത്സരം ജയിച്ചു കിരീടം നിലനിർത്തണം. അതിലാണ് വിജേന്ദര്‍ ഇന്ന് ജയിച്ചുകയറിയത്.