ദില്ലി: കോലിയുടെ 32ാമത് ഏകദിന സെഞ്ച്വറി സഹായിച്ചത് കീവീസിനെതിരായ പരമ്പര നേട്ടത്തിന് മാത്രമായിരുന്നില്ല, മറിച്ച് ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്കുള്ള ശക്തമായ തിരിച്ചുവരവിനു കൂടിയാണ്. റാങ്കിങ്ങില്‍ ഒന്നാമനായി എത്തിയതോടെ മറ്റൊരു റെക്കോര്‍ഡ് കൂടി താരം പിന്തള്ളി. .ക്രിക്കറ്റ് ദൈവം സക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡാണ് ഇത്തവണ പഴങ്കഥയായത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി റാങ്കിങ്ങില്‍ ഒന്നാമതെത്തിയ(887പോയിന്‍റ്) സച്ചിന്റെ റെക്കോര്‍ഡ് 889 പോയിന്റ് നേടി കോലി തകര്‍ത്തു. 872 പോയിന്റുള്ള ദക്ഷിണാഫ്രിക്കന്‍ താരം എ.ബി ഡിവില്ലിയേഴ്‌സിനെ പിന്തള്ളിയാണ് കോലിയുടെ നേട്ടം. ഇന്ത്യയും കീവീസും തമ്മിലുള്ള മത്സരം, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് പരമ്പര, പാകിസ്താന്‍ ശ്രീലങ്ക പരമ്പര എന്നിവ പരിഗണിച്ചാണ് റാങ്കിങ് പട്ടിക പുതുക്കിയത്.

ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ 263 റണ്‍സാണ് കോലി നേടിയത്. ആദ്യ മത്സരത്തില്‍ 121 അവസാന മത്സരത്തില്‍ 113 എന്നിങ്ങനെ രണ്ട് സെഞ്ച്വറികളുടെ ബലത്തിലായിരുന്ന കോലിയുടെ നേട്ടം.