സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്
ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് കയ്യെത്തും ദൂരെ നഷ്ടമാക്കിയതിന്‍റെ വേദനയിലാണ് ഇന്ത്യന്‍ ആരാധകര്‍. 31 റണ്‍സിന് ഇന്ത്യ തോറ്റെങ്കിലും രണ്ട് ഇന്നിംഗ്സിലും ഇന്ത്യന്‍ നായകന്‍ വിരാട് കോലി മികച്ച പ്രകടനം നടത്തിയിരുന്നു.
ഇപ്പോഴിതാ പരാജയത്തിന്‍റെ വേദന മറക്കാനായി ഇന്ത്യന്‍ നായകനെത്തേടി കരിയറിലെ ഏറ്റവും തിളക്കമുള്ള നേട്ടമെത്തി. ഐസിസി ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനം വിരാട് കോലി സ്വന്തമാക്കി. എഡ്ജ്ബാസ്റ്റണില്‍ ആദ്യ ഇന്നിംഗ്സില്‍ 149 റണ്‍സ് നേടിയപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ 51 റണ്‍സ് കോലി നേടിയിരുന്നു. ഇതാണ് കോലിയെ റാങ്കിംഗില്‍ മുന്നിലെത്തിച്ചത്.
ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തില്‍ നിന്നാണ് കോലി ചരിത്ര നേട്ടം പിടിച്ചെടുത്തത്. പന്ത് ചുരണ്ടല്‍ വിവാദവുമായി ബന്ധപ്പെട്ട് സ്മിത്ത് വിലക്ക് നേരിടുന്നതും ഇന്ത്യന്‍ നായകന് തുണയായി. 934 പോയിന്‍റുമായാണ് കോലിയുടെ കുതിപ്പ്. സ്മിത്തിന് 929 പോയിന്‍റാണുളളത്. ഇംഗ്ലണ്ട് നായകന്‍ ജോറൂട്ടാണ് മൂന്നാം സ്ഥാനത്ത്.
സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ബാറ്റ്സ്മാന്‍മാരുടെ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. അതേസമയം ബൗളര്‍മാരുടെ പട്ടികയില്‍ ഇംഗ്ലിഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്സണാണ് ഒന്നാമന്‍. ആദ്യ ടെസ്റ്റില്‍ കളിക്കാതിരുന്ന രവീന്ദ്ര ജഡേജ മൂന്നാം സ്ഥാനത്തുണ്ട്. അശ്വിന്‍ അഞ്ചാം സ്ഥാനത്താണ്.
