ബംഗളുരു: വിരാട് കോഹ്ലിയുടെ സീസണിലെ നാലാം സെഞ്ചുറിയുടെയും ക്രിസ് ഗെയിലിന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സിന്റെയും ബലത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗളൂരിന് കൂറ്റന്‍ സ്‌കോര്‍. മഴ മൂലം 15 ഓവറായി ചുരുക്കിയ മത്സരത്തില്‍ 211 റണ്‍സാണ് റോയല്‍ ചലഞ്ചേഴ്‌സ് അടിച്ചുകൂട്ടിയത്.
113 റണ്‍സ് നേടി കോഹ്‌ലി ഒരിക്കല്‍ക്കൂടി ബാംഗളൂര്‍ ഇന്നിംഗ്‌സിന്റെ നട്ടെല്ലായി. 50 പന്തില്‍നിന്നു എട്ടു സിക്‌സിന്റെയും 12 ബൗണ്ടറികളുടെയും അകമ്പടിയോടെയായിരുന്നു കോഹ്ലിയുടെ ഇന്നിംഗ്‌സ്. ഗെയിലും മോശമാക്കിയില്ല. 32 പന്തില്‍നിന്നു എട്ടു സിക്‌സിന്റെയും നാലു ബൗണ്ടറികളുടെയും അകമ്പടിയോടെ 73 റണ്‍സ് ഗെയില്‍ അടിച്ചുകൂട്ടി. ഇരുവരും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 11 ഓവറില്‍ 147 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മൂന്ന് ഓവറില്‍ 55 റണ്‍സ് വഴങ്ങിയ കെ.സി. കരിയപ്പയാണ് കിംഗ്‌സ് ഇലവന്‍ ബൗളര്‍മാരില്‍ ധാരാളിയായത്.
ഇതാദ്യമായാണ് ഐപിഎല്ലില്‍ ഒരു സീസണില്‍ ഒരു താരം നാലു സെഞ്ചുറികള്‍ നേടുന്നത്. 865 റണ്‍സോടെ കോഹ്ലിയാണ് ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ മുന്നില്‍നില്‍ക്കുന്നത്.
