ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് ഇംഗ്ലണ്ട് ടീമിന് ഇതിഹാസ താരത്തിന്‍റെ മുന്നറിയിപ്പ്. ഇംഗ്ലണ്ടിലുള്ള മോശം റെക്കോര്‍ഡ് കണ്ട് കോലിയെ എഴുതിത്തള്ളണ്ട...
ലണ്ടന്‍: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ഇംഗ്ലീഷ് ടീമിന് മുന്നറിയിപ്പുമായി ഇതിഹാസ താരം ഗ്രഹാം ഗൂച്ച്. ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഇംഗ്ലണ്ടിന് അപകടകാരിയാണെന്ന് ഗൂച്ച് പറയുന്നു. കോലി മികച്ച റാങ്കിംഗിലുള്ള താരമാണ്. ഇംഗ്ലണ്ടിലുള്ള പ്രകടനം മെച്ചപ്പെടുത്തണമെന്ന അതിയായ ആഗ്രഹം കോലിക്കുണ്ട്, അതിനെ ഭയക്കേണ്ടിയിരിക്കുന്നു- ഗൂച്ച് വീഡിയോ അഭിമുഖത്തില്‍ പറഞ്ഞു.
കോലിയെയും ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനെയും കളി ശൈലിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഗൂച്ചിന്‍റെ മറുപടി ഇങ്ങനെ- രണ്ട് പേരും ലോകോത്തര താരങ്ങളും മാച്ച് വിന്നേര്‍സുമാണ്. രണ്ട് പേരുടേയും ബാറ്റിംഗ് തനിക്കേറ ഇഷ്ടമാണ്. തങ്ങളുടെ കളിയില്‍ രണ്ട് പേരും പോസിറ്റീവാണ്. എത്ര റണ്‍സ് അടിച്ചുകൂട്ടിയെന്ന് ആരും ചിന്തിക്കില്ല. ഇവരുടെ ഇന്നിംഗ്സുകള്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചോ എന്നതാണ് പ്രധാനമെന്ന് മുന്‍ ഇംഗ്ലീഷ് താരം പറഞ്ഞു.
ഇംഗ്ലണ്ടില്‍ മോശം റെക്കോര്‍ഡ് എന്ന ചരിത്രം തിരുത്താനാണ് കോലി ഇംഗ്ലണ്ടിലെത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ 2014ല്‍ ഇംഗ്ലണ്ട് പര്യടനത്തിനെത്തിയപ്പോള്‍ അഞ്ച് ടെസ്റ്റുകളില്‍ നിന്ന് ആകെ 134 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. ഉയര്‍ന്ന സ്‌കോര്‍ 39 ആയിരുന്നു. ഈ മോശം റെക്കോര്‍ഡ് തരുത്താന്‍ കോലിക്കാകുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് വിദഗ്ധര്‍ പോലും. ഓഗസ്റ്റ് 1-നാണ് അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുന്നത്.
