ധര്‍മശാല: തന്നെ വിമര്‍ശിക്കുന്ന ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ക്ക് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ക്ലാസ് മറുപടി. തന്നെപ്പറ്റി എഴുതുന്നത് കൊണ്ട് പത്രം കൂടുതല്‍ വില്‍ക്കുന്നെങ്കില്‍ നല്ലതാണെന്ന് കോലി പറഞ്ഞു. ശരിയാണെന്ന് തോന്നുന്ന കാര്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ് താന്‍ നിലകൊണ്ടിട്ടുള്ളതെന്നും ഇത്തരം വിമര്‍ശനങ്ങള്‍ തനിക്ക് പുത്തരിയല്ലെന്നും കോലി പറഞ്ഞു.

ചെയ്ത കാര്യങ്ങളെക്കുറിച്ച് പശ്ചാത്താപമില്ല. കാരണം എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളാണ് ഞാന്‍ ചെയ്തത്. അതില്‍ മാറ്റം വരുത്തേണ്ട കാര്യമില്ല. എന്റെ പേരുുപയോഗിച്ച് അവര്‍ വാര്‍ത്ത വില്‍ക്കുകയാണ്. അവര്‍ക്ക് ഭാവുകങ്ങള്‍ നേരുന്നുവെന്നും കോലി പറഞ്ഞ‌ു. ക്രിക്കറ്റര്‍ എന്ന നിലയിലും വ്യക്തിയെന്ന നിലയിലും എന്റെ സഹതാരങ്ങളും എന്റെ അടുത്ത ആളുകളും എന്നെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് മാത്രമെ ഞാന്‍ നോക്കാറുള്ളു. പുറത്തുള്ള കാര്യങ്ങള്‍ തന്നെ ബാധിക്കാറില്ലെന്നും കോലി പറഞ്ഞു. കോലിയെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനോട് ഉപമിച്ച ഓസീസ് പത്രമായ ഡെയ്‌ലി ടെലിഗ്രാഫ് രംഗത്തുവന്നതിനെക്കുറിച്ച് ഓസീസ് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോഴായിരുന്നു കോലിയുടെ പ്രതികരണം.

100 ശതമാനം കായികക്ഷമത ഉണ്ടെങ്കില്‍ മാത്രമെ അവസാന ടെസ്റ്റില്‍ കളിക്കൂവെന്നും കോലി പറഞ്ഞു. കോലി കളിച്ചില്ലെങ്കില്‍ പകരക്കാരനായി മുംബൈയുടെ ശ്രേയസ് അയ്യര്‍ അന്തിമ ഇലവനില്‍ എത്തുമെന്നാണ് കരുതുന്നത്. നാളെ രാവിലെ മാത്രമെ കോലി കളിക്കുന്ന കാര്യത്തില്‍ ടീം മാനേജ്മെന്റ് അന്തിമതീരുമാനം എടുക്കകയുള്ളു. ഓസ്ട്രേലിയക്കെതിരായ ആദ്യ മൂന്ന് ടെസ്റ്റിലും തിളങ്ങാനാകാതിരുന്ന കോലിക്ക് അവസാന ടെസ്റ്റ് നിര്‍ണായകമാണ്.