ദുബായ്: ഇന്ത്യന്‍ നായകന്‍ വിരാട് കോലി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുള്‍ക്കറിന്‍റെ റെക്കോര്‍ഡിനൊപ്പം. പുതിയ ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയ താരം സച്ചിനൊപ്പം ഇന്ത്യക്കാരന്‍റെ ഉയര്‍ന്ന പോയിന്‍റായ 887ലെത്തി. ശ്രീലങ്കയ്ക്കെതിരായ പരമ്പയില്‍ 14 പോയിന്‍റുകള്‍ നേടിയതോടെയാണിത്. പുതിയ റാങ്കിംഗ് പ്രകാരം ബാറ്റ്സ്മാന്‍മാരില്‍ ഡേവി‍ഡ് വാര്‍ണ്ണറും എബി ഡിവില്ലേഴ്സുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 

ഒമ്പതാം സ്ഥാനത്തുള്ള രോഹിത് ശര്‍മ്മയും 10-ാം സ്ഥാനത്തുള്ള ധോണിയുമാണ് ആദ്യ സ്ഥാനങ്ങളിലുള്ള മറ്റ് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍‍. ഓസ്ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡാണ് ബോളര്‍മാരില്‍ മുന്നില്‍. ഇമ്രാന്‍ താഹിര്‍ രണ്ടാമതും മിച്ചല്‍ സ്റ്റാര്‍ക് മൂന്നാം സ്ഥാനത്തുമാണ്. പരമ്പയില്‍ 15 വിക്കറ്റ് നേടിയ ജസപ്രീത് ഭുംറ 27 സ്ഥാനങ്ങള്‍ മുന്നോട്ടു കയറി നാലാമതെത്തി. 10-ാം സ്ഥാനത്തുള്ള അക്ഷര്‍ പട്ടേലാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. 

എന്നാല്‍ ശ്രീലങ്കയ്ക്കെതിരായ 5-0ന് പരമ്പര നേടിയ ഇന്ത്യ ടീം റാങ്കിംഗില്‍ മൂന്നാമതാണ്. 119 പോയിന്‍റുമായി ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനവും ഓസ്ട്രേലിയ രണ്ടാം സ്ഥാനവും നിലനിര്‍ത്തി. അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ ദയനീയമായി ഇന്ത്യയോട് തോറ്റ ശ്രീലങ്ക പട്ടികയില്‍ എട്ടാമതാണ്.