റാഞ്ചി: കൂനിന്‍മേല്‍ കുരുപോലെയായിരുന്നു ഇന്ത്യയ്ക്ക് റാഞ്ചി ടെസ്റ്റിനിടെ ക്യാപ്റ്റന്‍ വിരാട് കോലിയുടെ പരിക്ക്. നാല്‍പതാം ഓവറില്‍ ബൗണ്ടറി തടയാനുള്ള ശ്രമത്തിനിടെയാണ് കോലിക്ക് പരിക്കേറ്റത്. പരിക്കേറ്റ കോലിയെ ടീം ഫീസിയോ ഗ്രൗണ്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയി. പിന്നീട് ഡ്രസ്സിംഗ് റൂമിലിരുന്ന കോലി ബാറ്റെടുത്ത് പരിശീലനം നടത്തിനോക്കുന്നത് ടിവി ദൃശ്യങ്ങളില്‍ കാണാമായിരുന്നു. കൈയില്‍ സ്ലിംഗ് ധരിച്ചാണ് കോലിയെ ഡ്രസ്സിംഗ് റൂമില്‍ പിന്നീട് കണ്ടത്.

കോലിയുടെ പരിക്ക് ഗുരുതരമാണോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് ആദ്യദിവസത്തെ കളിക്കുശേഷം ഇന്ത്യന്‍ ഫീല്‍ഡീംഗ് കോച്ച് ആര്‍. ശ്രീധര്‍ പറഞ്ഞു. ഇന്ന് രാത്രി കോലിയെ സ്കാനിംഗിന് വിധേയനാക്കും. അതിനുശേഷം രണ്ടാം ദിനം രാവിലെ മാത്രമെ അദ്ദേഹം കളിക്കാനിറങ്ങുമോ എന്ന കാര്യം പറയാനാകൂ എന്നും ശ്രീധര്‍ പറഞ്ഞു. പരിക്ക് ഗുരുതരമാവാതിരിക്കാനാണ് കോലി കളി തുടരാതിരുന്നത്. വീഴ്‌ചയില്‍ കോലിയുടെ വലതുതോളിലാണ് ആഘാതമേറ്റതെന്നും ശ്രീധര്‍ പറഞ്ഞു.

കോലിക്ക് കളിക്കാനാവില്ലെങ്കില്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത് വലിയ തിരിച്ചടിയാകും. ആദ്യദിനം തന്നെ നാലു വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സെടുത്ത ഓസീസ് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു. ഓസീസ് മികച്ച ഒന്നാം ഇന്നിംഗ്സ് സ്കോര്‍ ഉയര്‍ത്തിയാല്‍ കോലിയെക്കൂടാതെ ഇന്ത്യക്ക് അത് മറികടക്കുക എളുപ്പമാവില്ല.

Scroll to load tweet…