റാഞ്ചി: റാഞ്ചി ടെസ്റ്റിന്റെ ആദ്യദിനം ഓസ്ട്രേലിയയുടെ കുതിപ്പിനൊപ്പം ഇന്ത്യയെ ആശങ്കപ്പെടുത്തിയ കാര്യമായിരുന്നു ക്യാപ്റ്റന്‍ വിരാട് കോലിക്ക് ഫീല്‍ഡിംഗിനിടെ തോളിന് പരിക്കേറ്റത്. മത്സരത്തിന്റെ നാല്‍പതാം ഓവറില്‍ പരിക്കേറ്റ് കയറിപ്പോയ കോലി ആദ്യദിനം പിന്നീട് ഗ്രൗണ്ടിലിറങ്ങിയതുമില്ല. കോലിയുടെ അഭാവത്തില്‍ അജിങ്ക്യാ രഹാനെയായിരുന്നു ഇന്ത്യയെ നയിച്ചത്.
കോലിയുടെ പരിക്ക് സംബന്ധിച്ച് ബിസിസിഐ രാത്രി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് ഇന്ത്യന്‍ ആരാധകര്‍ക്ക് സന്തോഷം പകരുന്നതാണ്. കോലിയുടെ പരിക്ക് സാരമുള്ളതല്ലെന്നും അദ്ദേഹത്തിന് ചികിത്സ നല്‍കുന്നുണ്ടെന്നും ബിസിസിഐ വ്യക്തമാക്കി. വിദഗ്ധ പരിശോധനകള്‍ക്കുശേഷമാണ് ബിസിസിഐ വാര്‍ത്താക്കുറിപ്പിറക്കിയത്. ടെസ്റ്റിന്റെ ബാക്കി ദിവസങ്ങളില്‍ കളിക്കാന്‍ കഴിയുന്ന രീതിയില്‍ അദ്ദേഹത്തിന് ചികിത്സ തുടരുമെന്നും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.
Virat Kohli Nasty Shoulder Injury against Australia#IndvAus#AUSvINDpic.twitter.com/7ao3iYb3GV
— Imran Siddique (@SportsJournoo) March 16, 2017
കോലിയുടെ പരിക്ക് ഗുരുതരമാണോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് ആദ്യദിവസത്തെ കളിക്കുശേഷം ഇന്ത്യന്‍ ഫീല്‍ഡീംഗ് കോച്ച് ആര്‍. ശ്രീധര്‍ പറഞ്ഞിരുന്നു. ഇന്ന് രാത്രി കോലിയെ സ്കാനിംഗിന് വിധേയനാക്കുമെന്നും അതിനുശേഷം രണ്ടാം ദിനം രാവിലെ മാത്രമെ അദ്ദേഹം കളിക്കാനിറങ്ങുമോ എന്ന കാര്യം പറയാനാകൂ എന്നും ശ്രീധര്‍ വ്യക്തമാക്കിയിരുന്നു.
കോലിക്ക് കളിക്കാനാവില്ലെങ്കില്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത് വലിയ തിരിച്ചടിയാകുമായിരുന്നു. ആദ്യദിനം തന്നെ നാലു വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സെടുത്ത ഓസീസ് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി. ഓസീസ് മികച്ച ഒന്നാം ഇന്നിംഗ്സ് സ്കോര്‍ ഉയര്‍ത്തിയാല്‍ കോലിയെക്കൂടാതെ ഇന്ത്യക്ക് അത് മറികടക്കുക എളുപ്പമാവില്ല.
