മുംബൈ: വിരാട് കൊഹ്‌ലിയെ മൂന്ന് ഫോര്‍മാറ്റുകളിലും ക്യാപ്റ്റനാക്കണമെന്ന് ഇന്ത്യന്‍ ടീമിന്റെ മുന്‍ ഡയറക്ടര്‍ രവി ശാസ്‌ത്രി. 2019 ലോകകപ്പ് മുന്‍നിര്‍ത്തി കൊഹ്‌ലിയെ ഏകദിന ക്യാപ്റ്റനാക്കാന്‍ ഏറ്റവും അനുയോജ്യ സമയമായമാണിത്. ധോണിയെ കളിക്കാരനെന്ന നിലയില്‍ ടീമില്‍ നിലനിര്‍ത്തണമെന്നും രവി ശാസ്‌ത്രി അഭിപ്രായപ്പെട്ടു.

ഞാനാണ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനെങ്കില്‍ കൊഹ്‌ലിയെ മൂന്ന് ഫോര്‍മാറ്റിലും ക്യാപ്റ്റനാക്കുമായിരുന്നു. 2019വരെ ഇന്ത്യ വലിയ ടൂര്‍ണമെന്റുകളിലൊന്നും കളിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇതാണ് കൊഹ്‌ലിയെ ക്യാപ്റ്റനാക്കാനുള്ള ഉചിതമായ സമയം. എന്നാല്‍ കളിക്കാരനെന്ന നിലയില്‍ ധോണിക്ക് ഇനിയും ഏറെ സംഭാവന ചെയ്യാനാകുമെന്നും ശാസ്ത്രി പറഞ്ഞു. ക്യാപ്റ്റന്റെ അധിക ഉത്തരവാദിത്തമില്ലാതെ ധോണിക്ക് കളി ആസ്വദിച്ച് കളിക്കാനുള്ള സമയമാണിത്. എന്നാല്‍ അത് ധോണി എത്രമാത്രം ആഗ്രഹിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും തീരുമാനം.

കൊഹ്‌ലിയെ ക്യാപ്റ്റനായി വളര്‍ത്തിയെടുക്കുകയായിരുന്നുവെന്നും ശാസ്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ഓസ്ട്രേലിയന്‍ മാതൃക ഇന്ത്യയും പിന്തുടരുകയായിരുന്നു. മാര്‍ക് ടെയ്‌ലര്‍ മികച്ച ക്യാപ്റ്റനായിരുന്ന കാലത്ത് തന്നെയാണ് സ്റ്റീവ് വോയെ ക്യാപ്റ്റനായി ഓസീസ് വളര്‍ത്തിയെടുത്തത്. വോ തുടരുമ്പോള്‍ റിക്കി പോണ്ടിംഗിനെയും പിന്നീട് മിക്കൈല്‍ ക്ലാര്‍ക്കിനെയും ഇത്തരത്തില്‍ വളര്‍ത്തിയെടുത്തു. ഇപ്പോഴിതാ സ്മിത്തിനെയും.ഇതേ മാതൃക ഇന്ത്യയും പിന്തുടരണമെന്നും ശാസ്ത്രി പറഞ്ഞു.