ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള പരമ്പര കളിക്കാര്‍ തമ്മിലുള്ള വാക്പോരിന്റെ കൂടി വേദിയാണ്. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയ ഇന്ത്യയിലെത്തിയപ്പോള്‍ വിരാട് കോലിയും ഓസീസ് ക്യാപ്റ്റനായിരുന്ന സ്റ്റീവന്‍ സ്മിത്തും തമ്മിലുള്ള പോരാട്ടം ആരാധകര്‍ മറന്നിട്ടുണ്ടാവില്ല.

സിഡ്നി: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള പരമ്പര കളിക്കാര്‍ തമ്മിലുള്ള വാക്പോരിന്റെ കൂടി വേദിയാണ്. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയ ഇന്ത്യയിലെത്തിയപ്പോള്‍ വിരാട് കോലിയും ഓസീസ് ക്യാപ്റ്റനായിരുന്ന സ്റ്റീവന്‍ സ്മിത്തും തമ്മിലുള്ള പോരാട്ടം ആരാധകര്‍ മറന്നിട്ടുണ്ടാവില്ല. ഡിആര്‍എസിന് മുമ്പ് സ്മിത്ത് ഡ്രസ്സിംഗ് റൂമിലേക്ക് നോക്കി ഉപദേശം തേടിയതും തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കുശേഷം വിരാട് കോലി നടത്തിയ പ്രസ്താവന ക്രിക്കറ്റ് ലോകത്തെ ശരിക്കും അമ്പരപ്പിച്ചിരുന്നു.

ഓസ്ട്രേലിയന്‍ ടീമിലെ ആരുമായും ഇനി സൗഹൃദത്തിനില്ലെന്നായിരുന്നു അന്ന് കോലി പറഞ്ഞത്. എന്നാല്‍ ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനം നാളെ തുടങ്ങാനിരിക്കെ ഇതേക്കുറിച്ച് ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി ഇന്ത്യന്‍ ആരാധകരുടെ മനംകവരുന്നതായിരുന്നു. കോലി ഗ്രൗണ്ടിലും പുറത്തും നല്ല മനുഷ്യനാണെന്ന് സ്റ്റാര്‍ക്ക് പറഞ്ഞു.

എന്നാല്‍ ഗ്രൗണ്ടില്‍ കോലിയുടെ അക്രമണോത്സുകത കണ്ട് അദ്ദേഹത്തെ പലരും തെറ്റിദ്ധരിക്കാറുണ്ട്. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള കളി എപ്പോഴും പോരാട്ടച്ചൂട് കൊണ്ട് ശ്രദ്ധേയമാകാറുണ്ട്. കഴിഞ്ഞ പരമ്പരയിലും അതുണ്ടായിരുന്നു. എന്നാല്‍ അതൊക്കെ തമാശയായി കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കോലിയെ ഗ്രൗണ്ടിന് പുറത്തും എനിക്ക് നന്നായി അറിയാം. ഒരുപക്ഷെ എന്റെ ടീമിലെ മറ്റാരെക്കാളും എനിക്ക് അദ്ദേഹത്തെ അറിയാം.

ഡ്രസ്സിംഗ് റൂമിലും ഗ്രൗണ്ടിലുമെല്ലാം ടീം അംഗങ്ങളുമായി സൗഹാര്‍ദ്ദത്തോടെ ഇടപെടുകയും തമാശ പറയുകയുമെല്ലാം ചെയ്യുന്ന നല്ല മനുഷ്യനാണ് അദ്ദേഹം.നാട്ടിലും വിദേശത്തും എതിരാളിള്‍ക്കെതിരെ എപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ആഗ്രഹിക്കുന്ന ലോകോത്തര കളിക്കാരനാണ് കോലി.അദ്ദേഹത്തിന്റെ ഈ അക്രമണോത്സുകതയാകാം ആരാധകര്‍ അദ്ദേഹത്തെ തെറ്റിദ്ധരിക്കാന്‍ കാരണം-സ്റ്റാര്‍ക്ക് പറഞ്ഞു. ഐപിഎല്ലില്‍ ബംഗലൂരു റോയല്‍ ചലഞ്ചേഴ്സില്‍ കോലിയുടെ സഹതാരമായിരുന്നു സ്റ്റാര്‍ക്ക്.