ഓസ്‌ട്രേലിയയില്‍ ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും സുനില്‍ ഗവാസ്‌കറുടെയും ഒരു റെക്കോര്‍ഡ് മറികടക്കാനുള്ള അവസരമാണ് ഇന്ത്യന്‍ നായകനെ കാത്തിരിക്കുന്നത്...
അഡ്‌ലെയ്‌ഡ്: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര വിരാട് കോലിയെ സംബന്ധിച്ച് നിര്‍ണായകമാണ്. കങ്കാരുക്കളുടെ നാട്ടില്‍ ആദ്യ ടെസ്റ്റ് പരമ്പര ജയമാണ് കോലിയുടെ നായകത്വത്തില്‍ ഇന്ത്യ ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ(2014)ല്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ കാട്ടിയ ബാറ്റിംഗ് മികവ് കോലിക്ക് തുടരുകയും വേണം. മാത്രമല്ല, ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും സുനില്‍ ഗവാസ്‌കറുടെയും ഒരു റെക്കോര്‍ഡ് മറികടക്കാനുള്ള അവസരം കൂടിയാണ് ഇന്ത്യന്‍ നായകനെ കാത്തിരിക്കുന്നത്.
നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ഒരു സെഞ്ചുറി കൂടി നേടിയാല്‍ ഗവാസ്‌കറെയും ഒന്നിലധികം ശതകങ്ങള്‍ നേടിയാല്‍ സച്ചിനെയും കോലി മറികടക്കും. ഓസ്‌ട്രേലിയയില്‍ കൂടുതല്‍ ടെസ്റ്റ് സെഞ്ചുറി നേടിയ ഇന്ത്യന്‍ താരമാണ് സച്ചിന്‍. 20 മത്സരങ്ങളില്‍ നിന്ന് ആറ് സെഞ്ചുറികളാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്കുള്ളത്. ഇതേസമയം രണ്ടാമതുള്ള കോലിക്കും മുന്‍ നായകനായ ഗവാസ്‌കര്‍ക്കും 11 വീതം മത്സരങ്ങളില്‍ നിന്ന് അഞ്ച് സെഞ്ചുറികളാണുള്ളത്.
നിലവിലെ ഫോം പരിഗണിച്ചാല്‍ കോലിക്ക് ഈ റെക്കോര്‍ഡുകള്‍ അനായാസം തകര്‍ക്കാനാകും. ഈ വര്‍ഷം കളിച്ച 10 ടെസ്റ്റുകളില്‍ 59.05 ശരാശരിയോടെ 1,063 റണ്‍സ് കോലി നേടിയിട്ടുണ്ട്. നാല് സെഞ്ചുറികളും ഇതിലുള്‍പ്പെടുന്നു. അഡ്‌ലെയ്‌ഡില്‍ ഡിസംബര്‍ ആറാം തിയതിയാണ് നാല് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുന്നത്.
