ജോഹ്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ വിജയഗാഥ തുടരുന്നതിനിടെ ക്യാപ്റ്റന്‍ വിരാട് കോലി അപൂര്‍വ റെക്കോര്‍ഡിനരികെ. ഒരു പരമ്പരയില്‍ 1000 റണ്‍സ് തികയ്ക്കുന്ന ബാറ്റ്സ്മാനെന്ന വിവിയന്‍ റിച്ചാര്‍ഡ്സിന്റെ റെക്കോര്‍ഡിനരികെയാണ് കോലി. ഈ പരമ്പരയില്‍ ഇതുവരെ മൂന്ന് ടെസ്റ്റിലും ആറ് ഏകദിനങ്ങളിലും ഒരു ട്വന്റി-20 മത്സരത്തിലും കളിച്ച കോലി 13 ഇന്നിംഗ്സുകളില്‍ നിന്ന് 87 റണ്‍സ് ശരാശരിയില്‍ 870 റണ്‍സാണ് അടിച്ചുകൂട്ടിയത്.
വിവിയന്‍ റിച്ചാര്‍ഡ്സ് മാത്രമാണ് ഇതിനു മുമ്പ് ഒരു പരമ്പരയില്‍ ആയിരത്തിലധികം റണ്‍സ് തികച്ച ഏകതാരം. 1976ല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ടെസ്റ്റിലും ഏകദിനത്തിലുമായി 1045 റണ്‍സാണ് റിച്ചാര്‍ഡ്സ് അടിച്ചുകൂട്ടിയത്. ഇതില്‍ 829 റണ്‍സ് ടെസ്റ്റിലും 216 റണ്‍സ് ഏകദിനത്തിലുമാണ്. എന്നാല്‍ കോലി ഇതുവരെ നേടിയ 870 റണ്‍സില്‍ 558 റണ്‍സ് ഏകദിനത്തില്‍ നിന്നും 286 റണ്‍സ് ടെസ്റ്റില്‍ നിന്നും 26 റണ്‍സ് ട്വന്റി-20യില്‍ നിന്നുമാണ്.
ട്വന്റി-20 പരമ്പരയില്‍ ഇനി രണ്ട് മത്സരങ്ങള്‍ കൂടിയാണ് ശേഷിക്കുന്നത്. റിച്ചാര്‍ഡ്സിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ കോലിക്ക് വേണ്ടത് 175 റണ്‍സാണ്. റിച്ചാര്‍ഡ്സിന്റെ റെക്കോര്‍ മറികടക്കനായില്ലെങ്കില്‍ മറ്റൊരു ഇതിഹാസ താരത്തിന്റെ റെക്കോര്‍ഡ് കോലിയെ കാത്തിരിക്കുന്നുണ്ട്. സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്റെ റെക്കോര്‍ഡ്. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയില്‍ 974 റണ്‍സാണ് ബ്രാഡ്മാന്‍ അടിച്ചു കൂട്ടിയത്. ഇത് മറികടക്കാന്‍ കോലിക്ക് വേണ്ടത് 105 റണ്‍സാണ്. ഏകദിന പരമ്പര നേടിയതിന് പിന്നാലെ ട്വന്റി-20 പരമ്പരയിലും ഇന്ത്യ വിജയത്തുടക്കമിട്ടിരുന്നു.
