സിഡ്നി:  ക്രിക്കറ്റ് ഓസ്ട്രേലിയ തെരഞ്ഞെടുത്ത 2018ലെ ഏറ്റവും മികച്ച ഏകദിന ടീമിന്റെ നായകനായി  ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ച ടീമില്‍ ഇന്ത്യയില്‍ നിന്ന് കോലിയെക്കൂടാതെ മൂന്ന് പേര്‍ കൂടിയുണ്ട്. ഏകദിന ടീം വൈസ് ക്യാപ്റ്റന്‍രോഹിത് ശര്‍മ, സ്പിന്നര്‍ കുല്‍ദീപ് യാദവ്, പേസര്‍ ജസ്പ്രീത് ബൂംമ്ര എന്നിവരാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ 2018ലെ ഏകദിന ടീമില്‍ ഇടം നേടിയ ഇന്ത്യക്കാര്‍.

ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്റ്റോക്ക് ഒപ്പം രോഹിത് തന്നെയാണ് ടീമിന്റെ ഓപ്പണര്‍. 2018ല്‍ കളിച്ച 14 ഏകദിനങ്ങളില്‍ നിന്ന് 133.55 ശരാശരിയില്‍ 1200 റണ്‍സാണ് കോലി അടിച്ചുകൂട്ടിയത്. ഇതില്‍ ആറ് സെഞ്ചുറികളും ഉള്‍പ്പെടുന്നു. 19 ഏകദിനങ്ങള്‍ കളിച്ച രോഹിത് 73.57 ശരാശരിയില്‍ 1030 റണ്‍സടിച്ചു.

ഇവര്‍ക്ക് പുറമെ ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ ജോ റൂട്ട്, വെസ്റ്റ് ഇന്‍ഡീസിന്റെ ഷിമ്രോണ്‍ ഹെറ്റ്മെയര്‍, ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലര്‍, ശ്രീലങ്കയുടെ തിസാര പെരേര, അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാന്‍, ബംഗ്ലാദേശിന്റെ മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവരാണ് ക്രിക്കറ്റ് ഓസ്ട്രേലിയ തെരഞ്ഞെടുത്ത 2018ലെ ഏകദിന ടീമിലുള്ളത്. ഒറ്റ ഓസ്ട്രേലിയന്‍ താരം പോലും ടീമില്‍ ഇല്ലെന്നതും ശ്രദ്ധേയമാണ്.