ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ എന്നിവർക്ക് പൂർണ വിശ്രമവും ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഖലീൽ അഹമ്മദ് എന്നിവർക്ക് ഭാഗിക വിശ്രമവും നൽകണമെന്നാണ് കോലിയുടെ നിർദേശം
ദില്ലി: ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഫാസ്റ്റ് ബൗളർമാരെ ഐ പി എല്ലിൽ നിന്ന് മാറ്റിനിർത്തണമെന്ന് ക്യപ്റ്റൻ വിരാട് കോലി. ബിസിസിഐയുടെ താൽക്കാലിക ഭരണ സമിതിയോടാണ് കോലി ഇക്കാര്യം ആവശ്യപ്പെട്ടത്. ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ എന്നിവർക്ക് പൂർണ വിശ്രമവും ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഖലീൽ അഹമ്മദ് എന്നിവർക്ക് ഭാഗിക വിശ്രമവും നൽകണമെന്നാണ് കോലിയുടെ നിർദേശം.
പകരം ഇവർക്ക് ബിസിസിഐ പ്രതിഫലം നൽകണമെന്നും കോലി നിർദേശിക്കുന്നു. മാർച്ച് 29 മുതൽ മേയ് 19 വരെ നടക്കുന്ന ഐ പി എല്ലിൽ കളിച്ചാൽ ഇന്ത്യൻ ബൗളർമാർക്ക് മേയ് 30ന് തുടങ്ങുന്ന ലോകകപ്പിന് മുൻപ് ആവശ്യമായ വിശ്രമം കിട്ടില്ലെന്നും കോലി വ്യക്തമാക്കുന്നു.
ടീം ഉടമകളുടെ അഭിപ്രായം കൂടി അറിഞ്ഞശേഷമായിരിക്കും ബിസിസിഐ ഇക്കാര്യത്തിൽ തീരുമാനം എടുക്കുക. വൻതുക മുടക്കി സ്വന്തമാക്കിയ താരങ്ങളെ മാറ്റിനിർത്താൻ ടീമുകൾ തയ്യാറായേക്കില്ല.
