അഫ്ഗാനെതിരായ ടെസ്റ്റില്‍ കോലി കളിക്കില്ല
മുംബൈ: ബെംഗളൂരുവില് ജൂണ് 14ന് അഫ്ഗാനിസ്ഥാനെതിരെ ആരംഭിക്കുന്ന ചരിത്ര ടെസ്റ്റില് ഇന്ത്യന് നായകന് വിരാട് കോലി കളിച്ചേക്കില്ല. അഫ്ഗാന്റെ ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തിനാണ് ബെംഗളൂരു വേദിയാകുന്നത്. ഐപിഎല് 11-ാം സീസണിന് ശേഷം കൗണ്ടി ക്രിക്കറ്റില് സറിക്കായി കളിക്കാന് കോലി ഇംഗ്ലണ്ടിലേക്ക് പോകുമെന്നാണ് റിപ്പോര്ട്ടുകള്.
കോലി ഇതിനായി ചര്ച്ചകള് നടത്തുന്നതായി ബിസിസിഐ കേന്ദ്രങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്ട്ട് ചെയ്തു. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് മുമ്പ് ബാറ്റിംഗില് കൂടുതല് ശ്രദ്ധിക്കാനും സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുമാണ് കോലിയുടെ ശ്രമം. ഇംഗ്ലണ്ടില് അത്ര മികച്ച റെക്കോര്ഡല്ല കോലിക്കുള്ളത്. അഞ്ച് ടെസ്റ്റില് നിന്ന് 13.4 ശരാശരിയില് 134 റണ്സ് മാത്രമാണ് ഇന്ത്യന് നായകന് നേടാനായിട്ടുള്ളത്.
കൗണ്ടി ടീം സറിക്കായി മൂന്ന് നാലുദിന മത്സരങ്ങള് കളിക്കാനാണ് സാധ്യതകള്. അതേസമയം കോലിയുടെ നീക്കത്തെ സ്വാഗതം ചെയ്ത് ഇതിഹാസ താരം വിവിഎസ് ലക്ഷ്മണ് രംഗത്തെത്തി. ജൂലൈ മൂന്നിനാരംഭിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തില് മൂന്നു വീതം ഏകദിന, ടി20 മത്സരങ്ങളും അഞ്ചു ടെസ്റ്റുമാണ് ഇന്ത്യ കളിക്കുന്നത്.
