വിശാഖപട്ടണം: ഇന്ത്യ-പാക് ലോകകപ്പ് മത്സരം സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുന്നതിനിടെ വിഷയത്തില്‍ നയം വ്യക്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. പാക്കിസ്ഥാനെതിരെ കളിക്കണോ എന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരും ബിസിസിഐയും എന്ത് തീരുമാനിച്ചാലും അതിനൊപ്പം നില്‍ക്കുമെന്ന് കോലി വ്യക്തമാക്കി. ഇന്ത്യന്‍ ടീം കോച്ച് രവി ശാസ്ത്രിയും നേരത്തെ ഇതേ നിലപാട് അറിയിച്ചിരുന്നു. 

പുല്‍വാമ ഭീകരാക്രമണത്തില്‍ ജീവന്‍ വെടിഞ്ഞ സിആര്‍പിഎഫ് ജവാന്‍മാരുടെ കുടുംബങ്ങള്‍ക്ക് ഞങ്ങള്‍ അനുശോചനം അറിയിക്കുകയാണ്. രാജ്യം എന്താണ് ആഗ്രഹിക്കുന്നത് ബിസിസിഐ എന്താണ് തീരുമാനിക്കുന്നത് അത് തന്നെയാണ് ഞങ്ങളുടെയും തീരുമാനം. ആ തീരുമാനം എന്തായാലും ഞങ്ങള്‍ അതിനെ ബഹുമാനിക്കുന്നു- കോലി പറഞ്ഞു.

പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ നാല്‍പത് ജവാന്‍മാര്‍ വീരമൃത്യു വരിച്ചതിന് പിന്നാലെ പാകിസ്ഥാനുമായുള്ള ബന്ധം വഷളായിരുന്നു. പാകിസ്ഥാനുമായുള്ള സര്‍വ സഹകരണവും നിര്‍ത്തലാക്കിയ ഇന്ത്യ കടുത്ത നടപടികളുമായി മുന്നോട്ടു പോവുകയാണ്.  ഇതിനിടെയാണ് വരാനിരിക്കുന്ന ലോകകപ്പില്‍ പാകിസ്ഥാനുമായുള്ള മത്സരം ഉപേക്ഷിക്കണമെന്ന ആവശ്യവുമായി മുന്‍ താരങ്ങളടക്കമുള്ളവര്‍ രംഗത്തെത്തിയത്. 

ക്രിക്കറ്റില്‍ മാത്രമല്ല, കായിക രംഗത്ത് തന്നെ പാക്കിസ്ഥാനുമായി യാതൊരു ബന്ധവും പാടില്ലെന്നാണ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി പറഞ്ഞത്. ഹര്‍ഭജന്‍ സിങ്ങും മത്സരം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഇതേ വിഷയത്തില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും നിലപാടറിയിച്ചിരുന്നു.

മത്സരത്തില്‍ നിന്ന് പിന്‍മാറരുതെന്നും അത് അവര്‍ക്ക് വെറുതെ പോയിന്‍റ് നല്‍കാന്‍ മാത്രമേ സഹായിക്കൂ എന്നും സച്ചിന്‍ വ്യക്തമാക്കി. പാക്കിസ്ഥാനോട് കളിച്ച് ജയിക്കാന്‍ ഇന്ത്യന്‍ ടീമിന് കഴിയുമെന്നും സച്ചിന്‍ വ്യക്തമാക്കി. സച്ചിന്‍റെ നിലപാടിനൊപ്പമായിരുന്നു സുനില്‍ ഗവാസ്കറിന്‍റെയും പ്രതികരണം.