‘ചീക്കു’ എന്ന ഇരട്ടപ്പേര്​ വന്നതി​ന്‍റെ രഹസ്യം തുറന്നുപറഞ്ഞ്​ ഇന്ത്യൻ ക്യാപ്​റ്റൻ വിരാട്​ കോലി. ബോളിവുഡ്​ താരം ആമിർഖാനുമായി ടി.വി ഷോയിൽ നടത്തിയ ചാറ്റിലാണ്​ താരം രഹസ്യം പുറത്തുപറഞ്ഞത്​. അണ്ടർ 17 ടീമിൽ കളിക്കുന്ന സമയത്ത്​ നടത്തിയ മുടിവെട്ടാണ്​ ചീക്കു എന്ന പേരി​ന്​ കാരണമായതെന്ന്​ കോലി പറഞ്ഞു.

മുടി വെട്ടിയതോടെ തന്‍റെ ചെവി വലുതായി തോന്നി. മുയലി​ന്‍റെ ചെവിയോട്​ സാദൃശ്യമുള്ള ചെവി കണ്ടതോടെ സഹതാരങ്ങൾ കളിയാക്കി ചീക്കു എന്ന്​ വിളിക്കാൻ തുടങ്ങി. ഇത്​ എം.എസ്​ ധോണിയാണ്​ ഗ്രൗണ്ടിൽ എത്തിച്ചതെന്നും​ കൊഹ്​ലി പറഞ്ഞു.

സ്​റ്റംമ്പിന്​ പിറകിൽ നിന്നുള്ള ധോണിയുടെ വിളി സ്​റ്റംമ്പ്​ മൈക്കിലൂടെ പുറത്തുവരികയും അങ്ങാടിപ്പാട്ടാവുകയുമായിരുന്നെന്നും​ കോലി പറഞ്ഞു. 2011 ലോകകപ്പി​ന്‍റെ ഫൈനലിൽ സച്ചിൻ പുറത്തായപ്പോൾ എന്ത്​ തോന്നിയെന്ന ആമിർഖാ​ന്‍റെ ചോദ്യത്തോട്​ കോലിയുടെ മറുപടി ഇങ്ങനെയായിരുന്നു. ‘എല്ലാവരെയും പോലെ മത്സരം കൈവിട്ടു എന്ന്​ തോന്നി’.

സെവാഗും സച്ചിനും തുടക്കത്തിൽ പുറത്തായ മതസരത്തിൽ ശേഷം എത്തിയ കോലിയും ഗൗതം ഗംഭീറും ചേർന്നുള്ള മൂന്നാം വിക്കറ്റ്​ കൂട്ടുകെട്ടിൽ നേടിയ 83 റൺസാണ്​ മത്സരത്തിലേക്ക്​ ഇന്ത്യയെ തിരിച്ചുകൊണ്ടുവന്നതും ലോകകപ്പ്​ നേടാൻ സഹായിച്ചതും. 49 ബാളിൽ 35 റൺസായിരുന്നു മത്സരത്തിൽ കോലിയുടെ സംഭാവന. ആമിർഖാനുമായുള്ള ചാറ്റ്​ ഷോ ചാനലിൽ സംപ്രേക്ഷണം ചെയ്​തിട്ടില്ല.