കൊളംബോ: ഗോള്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്നലെ അര്‍ദ്ധശതകം പൂര്‍ത്തിയാക്കിയപ്പോള്‍ തന്നെ കോലി വിദേശത്ത് ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന ടെസ്റ്റ് നായകന്‍ പദവിയില്‍ എത്തിയിരുന്നു. ഇക്കാര്യത്തില്‍ കോലി പിന്നിലാക്കിയതാകട്ടെ സച്ചിന്‍ ടെണ്ടുല്‍ക്കറെയും.

ഇന്ന് രാവിലെ സെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോള്‍ അദ്ദേഹം നേടിയത് കരിയറിലെ 17 സെഞ്ച്വറി എന്ന നേട്ടം ആയിരുന്നു. ക്രിക്കറ്റില്‍ ഇരുവിഭാഗങ്ങളിലും കൂടി ഏറ്റവും കൂടുതല്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയിട്ടുള്ള സച്ചിന് 17 സെഞ്ച്വറിയില്‍ എത്താന്‍ 232 ഇന്നിംഗ്‌സ് വേണ്ടി വന്നപ്പോള്‍ വിരാട് കോലിക്ക് ഇതിനായി വേണ്ടി വന്നത് 102 ഇന്നിംഗ്‌സ് മാത്രം. 

ഇതോടൊപ്പം ക്യാപ്റ്റന്‍ എന്ന നിലയിലെ സെഞ്ച്വറികളുടെ കാര്യത്തിലും കോലി സച്ചിനെ മറികടന്നു ക്യാപ്റ്റനായി കോലിയുടെ പത്താം സെഞ്ച്വറിയാണ് ഇത്. 11 സെഞ്ച്വറിയുമായി സുനില്‍ ഗവാസ്കര്‍ മാത്രമാണ് കോലിക്ക് മുന്നില്‍. അതേ സമയം വിദേശ മണ്ണില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന റെക്കോഡ് കോലിക്ക് സ്വന്തമായിരിക്കുകയാണ്. അതില്‍ വിദേശത്തെ അഞ്ചു സെഞ്ച്വറികളും ഒരു ഇരട്ടശതകവും പെടും. നായക സ്ഥാനത്തും അല്ലാതെയുമായി നേടിയ നാലു ഇരട്ട ശതകങ്ങള്‍ വേറെയുമുണ്ട്.