ലാഹോര്‍: ക്രിക്കറ്റില്‍ പാരമ്പര്യ വൈരികളാണെങ്കിലും ഇന്ത്യയുടെയും പാക്കിസ്ഥാന്‍റെയും താരങ്ങള്‍ തമ്മില്‍ നല്ല സൗഹൃദമാണുള്ളത്. ഇന്ത്യന്‍ നായകന്‍ വിരാട് കോലി പുറത്തുവിട്ട ഒരു വീഡിയോ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ മറ്റൊരു ആത്മബന്ധം കൂടി വെളിപ്പെടുത്തുന്നതായി. ക്രിക്കറ്റ് ലോകത്തെ മികച്ച അംപയര്‍മാരില്‍ ഒരാളായ പാക്കിസ്ഥാന്‍റെ അലീം ദറിന് വീഡിയോയിലൂടെ കോലി ആശംസകള്‍ അറിയിച്ചു.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് പരമ്പരയിലെ മാച്ച് ഒഫീഷ്യലുകളില്‍ ഒരാളാണ് ദര്‍. അടുത്തിടെ ലാഹോറില്‍ ദര്‍സ് ഡിലൈറ്റ് എന്ന പേരില്‍ അലീം ദര്‍ മള്‍ട്ടി കുഷ്യന്‍ റസ്റ്റോറന്‍റ് ആരംഭിച്ചിരുന്നു‍. കേള്‍വി ശക്തിയില്ലാത്ത കുട്ടികളുടെ വിദ്യാഭ്യാസത്തിന് പണം കണ്ടെത്താനാണ് അലീം ദര്‍ ഇതാരംഭിച്ചത്. ഇതേ ആവശ്യത്തിനായി മറ്റൊരു ക്രിക്കറ്റ് അക്കാദമിയും അലീം ദര്‍ നടത്തുന്നുണ്ട്.

മാതൃകാപരമായ സംരഭത്തിന് തുടക്കം കുറിച്ച ദറിന് അഭിനന്ദനങ്ങളും ആശംസകളും നേരുന്നതായി കോലി വീഡിയോയിലൂടെ പറഞ്ഞു. അലീം ദറിനെ അഭിനന്ദിച്ചും പിന്തുണയറിയിച്ചും ഇതിനകം നിരവധി പേരാണ് രംഗത്തെത്തിയത്. ഇതില്‍ ഒടുവിലത്തെ ആളാണ് ഇന്ത്യന്‍ നായകനായ വിരാട് കോലി. 2017 ഡിസംബര്‍ 30നായിരുന്നു ദര്‍സ് ഡിലൈറ്റിന്‍റെ ഉദ്ഘാടനം.