ആദ്യ രണ്ട് മത്സരങ്ങളിലും കളിച്ച ലോക്കി ഫെർഗൂസണ് മൂന്നാം ടി20ക്കുള്ള ടീമില്‍ നിന്ന് വിശ്രമം അനുവദിച്ചു.

ഹാമിൽട്ടൺ: ഇന്ത്യയ്‌ക്കെതിരായ അഞ്ച് മത്സര ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും തോൽവി വഴങ്ങിയതിന് പിന്നാലെ ബാക്കി മത്സരങ്ങൾക്കുള്ള ടീമിൽ നിർണായക മാറ്റങ്ങൾ വരുത്തി ആതിഥേയരായ ന്യൂസിലൻഡ്. വരാനിരിക്കുന്ന തിരക്കേറിയ ക്രിക്കറ്റ് സീസണിന് മുന്നോടിയായി കളിക്കാരുടെ ജോലിഭാരം ക്രമീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഈ മാറ്റങ്ങളെന്ന് ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ആദ്യ രണ്ട് മത്സരങ്ങളിലും കളിച്ച ലോക്കി ഫെർഗൂസണ് മൂന്നാം ടി20ക്കുള്ള ടീമില്‍ നിന്ന് വിശ്രമം അനുവദിച്ചു. ഒക്ടോബർ 30-ന് ഓക്‌ലൻഡിലെ ഈഡൻ പാർക്കിലും നവംബർ 1-ന് ഹാമിൽട്ടണിലെ സെഡൺ പാർക്കിലും നടക്കുന്ന അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമില്‍ ഫെര്‍ഗൂസൻ കളിക്കും. മറ്റൊരു പേസറായ മാറ്റ് ഹെൻറിക്ക് ടി20 പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പൂർണ്ണ വിശ്രമം അനുവദിച്ചു. നവംബർ 2-ന് ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമിനൊപ്പം ഹെന്‍റി ചേരും. ആദ്യ രണ്ട് മത്സരങ്ങളിൽ കളത്തിലിറങ്ങാൻ സാധിക്കാതിരുന്ന കൈൽ ജാമിസണെ ചൊവ്വാഴ്ച നടക്കുന്ന മൂന്നാം മത്സരത്തിന് ശേഷം ടീമില്‍ നിന്നൊഴിവാക്കും. ആഭ്യന്തര ടൂർണമെന്‍റായ ഫോർഡ് ട്രോഫിയിൽ കാന്‍റർബറിക്കായി കളിച്ച ശേഷം ഏകദിന ടീമിനൊപ്പം ജാമിസണ്‍ ചേരും.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

പ്രധാന പേസര്‍മാർക്ക് പകരക്കാരായി ബ്ലെയർ ടിക്നർ, ജോഷ് ക്ലാർക്സൺ എന്നിവരെ അവസാന മൂന്ന് ടി20 മത്സരങ്ങള്‍ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടിക്നർ അവസാന മൂന്ന് മത്സരങ്ങളിലും ക്ലാർക്സൺ അവസാന രണ്ട് മത്സരങ്ങളിലും ടീമിന്‍റെ ഭാഗമാകും. മൂന്നാം ടി20 മത്സരത്തിൽ കവർ താരമായി മാറ്റ് ഫിഷറും ടീമിനൊപ്പം വെല്ലിംഗ്ടണിലേക്ക് യാത്രതിരിക്കും.

ബൗളർമാരുടെ ജോലിഭാരം കുറക്കാനായാണ് മാറ്റങ്ങള്‍ വരുത്തിയതെന്ന് ന്യൂസിലൻഡ് ഹെഡ് കോച്ച് റോബ് വാൾട്ടർ പ്രതികരിച്ചു. പരമ്പരയിലെ കടുത്ത പോരാട്ടങ്ങൾ ഇനിയും ബാക്കിയുണ്ടെന്നും കളിക്കാരെ വരാനിരിക്കുന്ന മത്സരങ്ങൾക്ക് ഏറ്റവും മികച്ച രീതിയിൽ സജ്ജരാക്കാൻ ഈ മാറ്റങ്ങൾ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക