ബെഗളൂരു: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ഐപിഎല്‍ ഫൈനലില്‍ പരാജയപ്പെട്ടതിന് സ്വയം പഴിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‌ലി. തന്‍റെയും എബി ഡിവില്യേഴ്‌സിന്റേയും പെട്ടെന്നുള്ള പുറത്താകലാണ് കളിയുടെ ഗതി തിരിച്ചതെന്ന് കോഹ്‌ലി പറഞ്ഞു.

'ഈ സീസണില്‍ ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അതില്‍ അഭിമാനമുണ്ട്. ബാഗ്ലൂര്‍ ആരാധകര്‍ക്കാണ് ഈ പ്രകടനം സമര്‍പ്പിക്കുന്നത്. വീഴ്ചയിലും അവര്‍ ഞങ്ങളെ പിന്തുണച്ചു. കിരീടം നേടണമെന്ന് ഉറച്ചുതന്നെയായിരുന്നു ഫൈനലില്‍ ഇറങ്ങിയത്. വിക്കറ്റും മികച്ചതായിരുന്നു. 

എന്നാല്‍ ഞാനും ഡിവില്യേഴ്‌സും തുടരെ പുറത്തായത് തിരിച്ചടിയായി. ഞങ്ങള്‍ ഇരുവരും കുറച്ചുനേരം കൂടി ക്രീസില്‍ നിന്നിരുന്നുവെങ്കില്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നു' മത്സരശേഷം കോഹ്ലി പ്രതികരിച്ചു.

ഓറഞ്ച് ക്യാപ് നേട്ടത്തെക്കുറിച്ചുള്ള താരത്തിന്‍റെ പ്രതികരണം ഇങ്ങനെ'നേട്ടം പ്രോത്സാഹനമേകുന്നതാണ്. എന്നാല്‍ വ്യക്തിപരമായ നേട്ടത്തേക്കാള്‍ ടീമിന്റെ വിജയത്തിനാണ് പ്രാമുഖ്യം നല്‍കുന്നത്. മികച്ച ബോളിങ്ങ് നിരയാണ് സണ്‍റൈസേഴ്‌സിന് കീരീടം സമ്മാനിച്ചത്.'